ഓണസമൃദ്ധിക്കായി ‘ഞങ്ങളും കൃഷിയിലേക്ക്’ രണ്ടാംഘട്ടം ഉടൻ –മന്ത്രി പി. പ്രസാദ്
text_fieldsകായംകുളം: ഓണവിപണിയിൽ പച്ചക്കറിവില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ തുടങ്ങുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. വിഷരഹിത പച്ചക്കറിയും വിലവർധനയും തടയാൻ കൃഷിയിടത്തിലേക്ക് ഇറങ്ങാൻ മലയാളികൾ മനസ്സുവെക്കണമെന്ന് മന്ത്രി പറഞ്ഞു.
തിരുവാതിര ഞാറ്റുവേലയുമായി ബന്ധപ്പെടുത്തി കായംകുളത്ത് സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയിൽ ഞാറ്റുവേല കലണ്ടറിന്റെയും കർഷക സഭകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തൊട്ടാകെ 23,000 കൃഷിക്കൂട്ടങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ലക്ഷ്യംവെച്ചതിലും കൂടുതൽ നേട്ടമുണ്ടാക്കാനായി. കാർഷിക സംസ്കൃതിക്ക് പ്രശസ്തി നേടിയ പ്രദേശമാണ് ഓണാട്ടുകര. ഓണാട്ടുകര എള്ള് ഭൗമസൂചികയിൽ തന്നെ ഇടംപിടിച്ചതാണ്. ഓണാട്ടുകരയിൽ കാർഷിക വികസനത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണാട്ടുകരയുടെ കാർഷിക പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഓണാട്ടുകര കേന്ദ്രീകരിച്ച് ഡി.പി.ആർ ക്ലിനിക്, ബി2ബി മീറ്റ് എന്നിവ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഞാറ്റുവേല കലണ്ടറിന്റെ പ്രകാശനം, പരമ്പരാഗത വിത്തിനങ്ങളുടെ കൈമാറ്റം എന്നിവയും പി. പ്രസാദ് നിർവഹിച്ചു. മുതിർന്ന കർഷകനായ അയ്യപ്പൻ നായരെ ചടങ്ങിൽ ആദരിച്ചു. എ.എം. ആരിഫ് എം.പി തിരുവാതിര ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു.
കായംകുളം ജി.ഡി.എം. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കായംകുളം നഗരസഭ ചെയർപേഴ്സൻ പി. ശശികല അധ്യക്ഷയായി.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ്, കൗൺസിലർ കെ. പുഷ്പദാസ്, കൃഷിവകുപ്പ് അഡീഷനൽ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ അനിത ജയിംസ്, കായംകുളം സി.പി.സി.ആർ.ഐ മേധാവി ഡോ.പി. അനിതകുമാരി, പ്രോജക്ട് ഡയറക്ടർ ഡോ. വി. മിനി, കൃഷിവകുപ്പ് അഡീഷനൽ ഡയറക്ടർ എസ്. അജയകുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.