തീരദേശത്തിന് വേഗമേകാൻ രണ്ടാം വന്ദേഭാരത്
text_fieldsആലപ്പുഴ: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ തീരദേശത്തിന് വേഗമേകാൻ എത്തുന്ന രണ്ടാം വന്ദേഭാരതിന് ജില്ലയിൽ ഞായറാഴ്ച രണ്ടിടത്ത് സ്വീകരണമൊരുക്കും.
കാസർകോട്-തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയുള്ള ആദ്യയാത്രക്ക് സ്വീകരണമൊരുക്കുന്നത് രാത്രി 8.05ന് ആലപ്പുഴ സ്റ്റേഷനിലും 9.02ന് കായംകുളം സ്റ്റേഷനിലുമാണ്. എ.എം. ആരിഫ് എം.പി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, യു. പ്രതിഭ എം.എൽ.എ, റെയിൽവേ സ്റ്റേഷൻ മാനേജർ ജയകുമാർ എന്നിവർ പങ്കെടുക്കും.
ആലപ്പുഴയിൽ അഞ്ചുമിനിറ്റും കായകുളത്ത് രണ്ട് മിനിറ്റുമാണ് അനുവദിച്ചിട്ടുള്ളത്. ചില ട്രെയിനുകളുടെ സമയക്രമത്തിൽ നേരിയ മാറ്റമുണ്ടാകും.
ആലപ്പുഴയിൽ രാത്രി 8.25ന് എത്തേണ്ട തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളുടെ സമയത്തെ ബാധിക്കാനിടയുണ്ട്. പാതയിലൂടെ അതിവേഗമെത്തുന്ന വന്ദേഭാരതിനെ കടത്തിവിടുമ്പോൾ ഇരട്ടപ്പാതയില്ലാത്ത സ്ഥലങ്ങളിൽ മറ്റ് ട്രെയിനുകൾ സ്റ്റേഷനുകളിൽ പിടിച്ചിടും. ഇത് യാത്രക്കാരെ വലക്കുമെന്ന ആശങ്കയുണ്ട്.
ആദ്യ വന്ദേഭാരത് ഹിറ്റായതോടെ കേരളത്തിന് രണ്ടാമത് ലഭിച്ച വന്ദേഭാരത് ആലപ്പുഴ വഴി സർവിസ് തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് യാത്രക്കാർ.
വന്ദേഭാരതിന് കടന്നുപോകാൻ ട്രാക്കിലെ പഴയ പാളങ്ങൾ മാറ്റി യന്ത്രങ്ങളുടെ സഹായത്തോടെ പുതിയത് സ്ഥാപിച്ചാണ് സഞ്ചാരം സുഗമമാക്കുന്നത്.
കരുവാറ്റ ആയാംപറമ്പ് റെയിൽവേ ഗേറ്റ് മുതൽ കായംകുളം വരെയുള്ള ഭാഗത്തെ സ്ലീപ്പറുകളും റെയിലുകളും ഉൾപ്പെടെ മാറ്റിയാണ് നവീകരണം.
തീരദേശപാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെയാണ് ഇരട്ടപ്പാതയുള്ളത്. അമ്പലപ്പുഴ-കുമ്പളം റൂട്ടിൽ ഒറ്റപ്പാതയായതിനാൽ ലക്ഷ്യമിടുന്ന വേഗത്തിൽ വന്ദേഭാരതിന് സർവിസ് നടത്താനാകുമോയെന്ന ആശങ്കയുണ്ട്.
തകഴി-അമ്പലപ്പുഴ ഭാഗത്തെ കോരംകുഴി തോടിന് സമീപവും ആലപ്പുഴ-എറണാകുളം റൂട്ടിൽ കുമ്പളം പാലത്തിലും വേഗനിയന്ത്രണം നിലവിലുണ്ട്. ഇവിടെ 60 കിലോമീറ്ററാണ് പരമാവധി വേഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.