രേഖകളില്ലാതെ സർവിസ്; ഹൗസ്ബോട്ട് പിടിച്ചെടുത്തു
text_fieldsആലപ്പുഴ: രേഖകളില്ലാതെ സർവിസ് നടത്തുന്ന ഹൗസ്ബോട്ടുകൾ പിടിച്ചെടുത്ത് തുറമുഖ വകുപ്പ്. വെള്ളിയാഴ്ച രേഖകളില്ലാതെ കായൽകുരിശ്ശടി ജെട്ടിയിൽ യാത്രക്കാരെ കയറ്റാൻ കാത്തുകിടന്ന ഹൗസ്ബോട്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഉദ്യോഗസ്ഥരും ഉടമയും ജീവനക്കാരുമായി നേരിയ വാക്കേറ്റവും ബഹളവുമുണ്ടായി.
സർവേയും രജിസ്ട്രേഷനും പൂർത്തിയാക്കാത്ത 14 ഹൗസ്ബോട്ടിന് കഴിഞ്ഞദിവസം തുറമുഖ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിൽ നാല് ഹൗസ്ബോട്ട് മാത്രമാണ് യാർഡിൽ എത്തിച്ചത്. മറ്റ് ഹൗസ്ബോട്ടുകൾ സർവിസ് നടത്തുന്നതായി വിവരം ലഭിച്ചതോടെയാണ് പിടിച്ചുകെട്ടാൻ തീരുമാനിച്ചത്.
തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയപ്പോൾ നേരത്തേ രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയ ഹൗസ്ബോട്ട് സഞ്ചാരികളെ കാത്തുകിടക്കുകയായിരുന്നു. യാത്രക്കാരുമായി സർവിസ് നടത്താൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ ഉടമയെ അറിയിച്ചതോടെ തർക്കവും വാക്കേറ്റവുമുണ്ടായി. ഉടമക്ക് പിന്തുണയുമായി മറ്റ് ഹൗസ്ബോട്ടുകാർ കൂടി എത്തിയതോടെ ബഹളമുണ്ടായി. തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തിയാണ് ബോട്ട് പിടിച്ചെടുത്തത്. ടൂറിസം പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
പിന്നീട് ഉടമയുടെ ഉടമസ്ഥതയിൽ തന്നെ സമീപത്തുണ്ടായിരുന്ന മറ്റൊരു ഹൗസ്ബോട്ടിൽ യാത്രക്കാരെ കയറ്റി യാത്രനടത്താൻ അനുമതി നൽകി. എന്നാൽ, പരിശോധനയിൽ ഈ ബോട്ടിനും രേഖകളില്ലെന്ന് കണ്ടെത്തിയതോടെ വീണ്ടും ബഹളമായി. എന്നാൽ, ബോട്ടിൽ കയറിയവരെ ഇറക്കിവിട്ട് നടപടിയെടുക്കാൻ തടസ്സമായതിനാൽ ശനിയാഴ്ച യാർഡിൽ എത്തിക്കണമെന്ന നിർദേശം നൽകി ഉദ്യോഗസ്ഥർ മടങ്ങി. നോട്ടീസ് നൽകിയ ഹൗസ്ബോട്ടുകൾ ഹാജരാക്കിയില്ലെങ്കിൽ പൊലീസിനെ ഉപയോഗിച്ച് പിടിച്ചെടുക്കാനും നിർദേശം നൽകി. അതേസമയം, സഞ്ചാരികൾക്ക് അനിഷ്ടമുണ്ടാകുന്ന രീതിയുള്ള പരിശോധനയുണ്ടായതാണ് തർക്കത്തിന് ഇടയാക്കിയതെന്നാണ് ആക്ഷേപം.
കോവിഡിൽ തളർന്ന മേഖലയിൽ ലക്ഷങ്ങൾ മുടക്കിയുള്ള ലൈസൻസ് പുതുക്കൽ വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുന്നതായി ഉടമകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.