സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷം
text_fieldsആലപ്പുഴ: ജില്ലയിൽ മരുന്നുക്ഷാമം രൂക്ഷമായി. പാരസെറ്റമോൾ ഗുളിക മെഡിക്കൽ കോളജിൽ തീർന്നിട്ട് മൂന്നാഴ്ച. മറ്റു സർക്കാർ ആശുപത്രികളിലെയും സ്ഥിതി ഇതുതന്നെ. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്നാണ് പലരും മരുന്ന് വാങ്ങുന്നത്. ആശുപത്രികളിൽ മറ്റ് ആന്റിബയോട്ടിക് മരുന്നുകളും തീർന്നു. ന്യുമോണിയക്കും മഞ്ഞപ്പിത്തത്തിനും ആവശ്യമായ ആന്റിബയോട്ടിക്കുകളും കിട്ടാനില്ല.
കഫക്കെട്ട്, അണുബാധ തുടങ്ങിയവക്ക് സെഫ്ട്രിയാക്സോൺ, ന്യുമോണിയ, വൃക്ക രോഗികൾക്കുള്ള പിപ്പെറാസിലിൻ, അണുബാധക്ക് ഇമിപ്രാനം, മുറിവുകൾക്കുള്ള ക്ലോക്സാസിലിൻ, കരൾ രോഗികൾക്ക് വേണ്ട ആൽബുമിൻ, അയൺ കുറഞ്ഞവർക്കുള്ള അയൺ ഇൻജക്ഷൻ, പനിക്കുവേണ്ട പാരസെറ്റമോൾ ഇൻജക്ഷൻ, ഗുളികകൾ എന്നിവ ഒട്ടുംതന്നെയില്ല.
മെഡിക്കൽ കോളജിൽ സ്ഥിതി രൂക്ഷമാണ്. അസിഡിറ്റിക് ഉപയോഗിക്കുന്ന പാന്റോപ്രെസോൾ, രക്തത്തിലെ ആർ.ബി.സി (ചുവന്ന രക്താണു) അളവ് കുറഞ്ഞവർക്ക് കൊടുക്കുന്ന എറിത്രോപോയിറ്റിൻ എന്നിവയും ലഭ്യമല്ല. ജനറൽ ആശുപത്രിയിലും മരുന്നുക്ഷാമമുണ്ട്. കുട്ടികൾക്കുള്ള മരുന്നുകൾ പലതും ഇല്ല. വനിത ശിശു ആശുപത്രിയിൽ പനി, കഫക്കെട്ട് തുടങ്ങിയവക്കുള്ള അസിത്രോമൈസിൻ, മോക്സ്ലേവ് മരുന്നുകൾ തീർന്നു.
പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും കുട്ടികൾക്കുള്ള മരുന്നില്ല. മാവേലിക്കര ജില്ല ആശുപത്രിയിൽ പേവിഷബാധക്കുള്ള ഐ.ഡി.ആർ കുത്തിവെപ്പിനുള്ള മരുന്നിനാണ് ക്ഷാമം. അലോട്ട്മെന്റ് വഴിയായി ലഭിച്ചില്ലെങ്കിൽ ലോക്കൽ പർച്ചേസ് നടത്താൻ ആലോചിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശിശുരോഗങ്ങൾക്കുള്ള സിറപ്പുകളും കഴിഞ്ഞ ദിവസങ്ങളിൽ തീർന്നു.
ആശുപത്രി മാനേജിങ് കമ്മിറ്റി ഫണ്ടിൽനിന്ന് തുക അനുവദിച്ച് ലോക്കൽ പർച്ചേസ് നടത്തിയാണ് പിന്നീട് മരുന്നുകൾ എത്തിച്ചത്. എടത്വ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും വള്ളികുന്നം-ഭരണിക്കാവ് പി.എച്ച്.സികളിലും പേവിഷബാധക്ക് മരുന്നില്ല. ചെങ്ങന്നൂർ ജില്ല ആശുപത്രിയില്‍ പാന്റോപ്രെസോൾ, ഒമിപ്രസോൾ മരുന്നില്ല. പാരസെറ്റാമോൾ സിറപ്പും കുറച്ചേയുള്ളു.
ചേർത്തല താലൂക്ക് ആശുപത്രിയിലും പനിക്കുള്ള മരുന്ന് കുറവാണ്. തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി, പള്ളിപ്പുറം എന്നിവിടങ്ങളിലും കുട്ടികൾക്കുള്ള പാരസെറ്റാമോൾ സിറപ്പ് വളരെക്കുറച്ച് മാത്രം. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ജില്ലയിൽ കിട്ടാതായിട്ട് കുറച്ചുദിവസമായി. പലയിടത്തും സ്റ്റോക്ക് തീർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.