ശോഭ സുരേന്ദ്രന് മുന്നേറ്റം; എൽ.ഡി.എഫിന് പരമ്പരാഗത വോട്ടുകൾ അടക്കം നഷ്ടം
text_fieldsആലപ്പുഴ: എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ആലപ്പുഴ മണ്ഡലത്തിൽ നടത്തിയ മുന്നേറ്റത്തിൽ അടിപതറിയത് എൽ.ഡി.എഫിന്. തങ്ങളുടെ പരമ്പരാഗത വോട്ടുകൾ എൻ.ഡി.എയിലേക്ക് ചോർന്നുവെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ സമ്മതിച്ചു. എൽ.ഡി.എഫിന് പരമ്പരാഗതമായി ഭൂരിപക്ഷം ലഭിച്ച ബൂത്തുകളിലൊക്കെ എൻ.ഡി.എ വലിയ മുന്നേറ്റം കാഴ്ചവെച്ചു.
2019ലെ 18.74 ശതമാനത്തിൽനിന്ന് 30 ശതമാനത്തിലേക്ക് എൻ.ഡി.എ വോട്ടുവിഹിതം എത്തിക്കാൻ ശോഭ സുരേന്ദ്രന് കഴിഞ്ഞു. യു.ഡി.എഫിനും എൽ.ഡി.എഫിനും 2019ലേതിനെക്കാൾ വോട്ടുവിഹിതം കുറഞ്ഞു. എൽ.ഡി.എഫിന്റേതിനൊപ്പം യു.ഡി.എഫിന്റെയും വോട്ടുകൾ ശോഭ സുരേന്ദ്രൻ കൈക്കലാക്കിയെന്നാണ് ഫലം നൽകുന്ന സൂചന.
ശോഭ സുരേന്ദ്രൻ കൂടുതൽ വോട്ടുകൾ പിടിച്ചാൽ വിജയം തങ്ങൾക്കാവുമെന്നാണ് സി.പി.എം ജില്ല നേതൃത്വം പറഞ്ഞിരുന്നത്. ശോഭയുടെ വോട്ടുവിഹിതം 30 ശതമാനത്തിൽ എത്തിയപ്പോൾ സി.പി.എമ്മിലെ എ.എം. ആരിഫ് വളരെ പിന്നാക്കം പോയി.
അതോടെയാണ് ശോഭ നേടിയതിൽ കൂടുതൽ വോട്ടുകളും എൽ.ഡി.എഫിന്റേതാണെന്ന് വ്യക്തമായത്. എസ്.എൻ.ഡി.പി, ധീവര, ദലിത് സമുദായങ്ങളുടെ പിന്തുണ നേടാൻ കഴിഞ്ഞതാണ് ശോഭ സുരേന്ദ്രന്റെ വോട്ട് വർധിക്കാൻ ഇടയാക്കിയത്. എൽ.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളായിരുന്നു മൂന്ന് സമുദായങ്ങളും. യു.ഡി.എഫിന്റെ വോട്ടുവിഹിതം 2019ലെ 40 ശതമാനത്തിൽനിന്നും 38 ശതമാനത്തോളമായി കുറഞ്ഞു. എ.എം. ആരിഫിന്റെ വോട്ട് വിഹിതം 40.96 ശതമാനത്തിൽ നിന്ന് 35 ശതമാനത്തോളമായും കുറഞ്ഞു.
പോളിങ് ശതമാനത്തിലെ കുറവും ശോഭയുടെ പ്രചാരണ മികവുമാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ട് കുറയാൻ ഇടയാക്കിയത്. മുസ്ലിം സമുദായത്തിന് സ്വാധീനമുള്ള കരുനാഗപ്പള്ളി, കായംകുളം, ആലപ്പുഴ മണ്ഡലങ്ങളിലാണ് കെ.സി. വേണുഗോപാലിന് കൂടുതൽ വോട്ടുകൾ നേടാനായത്.
എൽ.ഡി.എഫിന് ഏറെ സ്വാധീനമുള്ള കായംകുളത്ത് ശോഭ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ എ.എം. ആരിഫ് മൂന്നാമതായി. ഹരിപ്പാട് മണ്ഡലത്തിലും ആരിഫ് മൂന്നാമതായി. അമ്പലപ്പുഴയിൽ 110ഉം കരുനാഗപ്പള്ളിയിൽ 191ഉം വോട്ടുകളുടെ വ്യത്യാസം മാത്രമെ ആരിഫും ശോഭയും തമ്മിലുള്ളൂ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.