തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; പ്രതീക്ഷയോടെ കുട്ടനാട്ടുകാർ
text_fieldsആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തിങ്കളാഴ്ച തുറക്കും. 90 ഷട്ടറുകളിൽ ആദ്യഘട്ടം 31 എണ്ണമാണ് തുറക്കുക. മൂന്നുദിവസത്തിനകം മുഴുവൻ ഷട്ടറുകളും തുറക്കുന്ന രീതിയിലാണ് ക്രമീകരണം. അഞ്ചുവർഷത്തിനിടെ ആദ്യമായാണ് ഏപ്രിലിൽ ബണ്ട് തുറക്കുന്നത്. ഡിസംബർ 15ന് അടച്ച് മാർച്ച് 15ന് തുറക്കണമെന്നാണ് നിബന്ധന. എന്നാൽ, കുട്ടനാടൻ പാടശേഖരങ്ങളിൽ വിളവെടുപ്പായതിനാൽ മേയ് വരെ ഷട്ടറുകൾ അടഞ്ഞുകിടക്കുന്നതാണ് പതിവ്.
ഷട്ടറുകൾ തുറക്കുന്നതിന് മുന്നോടിയായി 90 ഷട്ടറുകളിലെയും ലോക്കുകൾ നീക്കി. നിലവിലെ ഷട്ടറുകൾ യന്ത്രസഹായത്താൽ ഉയർത്തുന്നതിനാൽ ഒരു ഷട്ടർ തുറക്കുന്നതിന് 15 മിനിറ്റ് മതിയാകും. കഴിഞ്ഞദിവസം മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ബണ്ട് തുറക്കുമ്പോൾ കായലിൽനിന്നുള്ള വെള്ളം കൊയ്ത്ത് തീരാത്ത പാടശേഖരങ്ങളിൽ കയറുന്നില്ലെന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫിസർമാർ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.
ഷട്ടറുകൾ തുറക്കുന്നതോടെ മലിനമായ തോടുകളിൽ തെളിനീരൊഴുകും. കഴിഞ്ഞ നാലുമാസമായി ഒഴുക്കില്ലാതെ തോടുകളും കായലും നിശ്ചലമായിരുന്നു. കുട്ടനാട്ടിലെ നെൽകൃഷിയെ ഉപ്പുവെള്ളത്തിൽനിന്ന് രക്ഷിക്കാനാണ് ഷട്ടറുകൾ പതിവായി അടക്കുന്നത്. കായലോര മേഖലയിലുള്ളവർ കായലിലെയും സമീപത്തെ തോടുകളിലെയും വെള്ളമാണ് കുടിക്കാനും പാചകത്തിനും ഒഴിച്ചുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഷട്ടറുകൾ അടച്ചതോടെ മത്സ്യത്തൊഴിലാളികൾക്ക് മീൻ ലഭ്യത കുറഞ്ഞിരുന്നു. ഇനി മത്സ്യങ്ങൾ കൂടുതൽ കിട്ടുമെന്ന പ്രതീക്ഷയിലാണിവർ. ഉപ്പുവെള്ളം എത്തുന്നതോടെ തോട്ടിലെ അടിഞ്ഞുകൂടിയ പോളകൾ നശിച്ച് ജലയാത്രയും സുഗമമാകും. ഇനി എട്ടുമാസം ഷട്ടറുകൾ തുറന്നുകിടക്കും. ഈ സമയത്ത് മത്സ്യ ഉൽപാദനവും കൂടും.
‘ഷട്ടർ തുറക്കുന്നത് 30 വരെ നീട്ടണം’
ആലപ്പുഴ: തണ്ണീർമുക്കം ഷട്ടർ തുറക്കുന്നത് ഈമാസം 30 വരെ നീട്ടണമെന്ന് കർഷകസംഘം. കുട്ടനാട്ടിലെ കൈനകരി അടക്കം പല പഞ്ചായത്തുകളിലെയും പാടശേഖരങ്ങളിൽ വിളവെടുപ്പ് തുടങ്ങിയിട്ടില്ല. ഇതിൽ ചെറുകാലിക്കായൽ, ആറുപങ്ക്, പരുത്തിവളവ്, വലിയ തുരുത്ത്, വാവക്കാട്, പുല്ലാട്ട് പടം ,പുത്തൻതുരം, പുനാത്തുരം തുടങ്ങിയ ഒമ്പത് പാടശേഖരങ്ങളിൽ നെല്ല് കതിരിടുന്ന സമയമാണ്. ഈ സമയത്ത് ഓരുവെള്ളം കയറുന്നത് നെൽച്ചെടിയെ ബാധിക്കും. ഷട്ടർ തുറന്നാൽ ഉപ്പിന്റെ കാഠിന്യം ആദ്യം എത്തുന്നത് കൈനകരി അടക്കമുള്ള പ്രദേശങ്ങളിലെ പാടശേഖരങ്ങളിലാണെന്ന് കർഷകസംഘം തകഴി ഏരിയ സെക്രട്ടറി എസ്. സുധിമോൻ പറഞ്ഞു.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറക്കുന്നത് ഈമാസം 30 വരെ നീട്ടണമെന്ന് നെൽ-നാളികേര കർഷക ഫെഡറേഷൻ ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. കുട്ടനാട് പ്രദേശങ്ങളിലെ മുഴുവൻ നെൽകൃഷിയും വിളവെടുത്ത് കഴിഞ്ഞിട്ടില്ല. വിളവെടുപ്പ് പൂർത്തിയാകുന്ന മുറക്ക് ഷട്ടർ തുറക്കണമെന്ന് ഉദ്ഘാടനം നിർവഹിച്ച സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ഹക്കീം മുഹമ്മദ് രാജ അധ്യക്ഷതവഹിച്ചു. ജോമോൻ കുമരകം, ജോസ് ടി.പൂണിച്ചിറ, തോമസ് ജോൺ പുന്നമട, ജോ നെടുങ്ങാട്, ബിനു മദനൻ, പി.ടി. രാമചന്ദ്രൻ നായർ, ജേക്കബ് എട്ടുപറയിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.