സമൂഹമാധ്യമ ആക്രമണം: പ്രതിരോധവുമായി സി.പി.എം
text_fieldsകായംകുളം: സി.പി.എമ്മിലെ ആഭ്യന്തര തർക്കവും നേതാക്കളുടെ അഴിമതിയും സമൂഹമാധ്യമങ്ങളിൽ തുടർച്ചയായ ചർച്ച വിഷയമായതോടെ പ്രതിരോധവുമായി പാർട്ടി നേതൃത്വം രംഗത്തേക്ക്. കായംകുളത്തിന്റെ വിപ്ലവവും ചെമ്പട കായംകുളവും കൊളുത്തിവിട്ട തീ കെടുത്താനാകാതെ പാർട്ടി പ്രതിരോധത്തിലായതോടെയാണ് ഉറവിടം കണ്ടെത്തി വേരോടെ പുഴുതെറിയാൻ നീക്കം തുടങ്ങിയത്. സി.പി.എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സൈബർ സെൽ അടക്കം വിവിധ തലങ്ങളിൽ അന്വേഷണം ഊർജിതമാണ്. ഇതോടൊപ്പം ഉറവിടം തേടിയുള്ള സി.പി.എമ്മിന്റെ സമാന്തര അന്വേഷണവും പുരോഗമിക്കുകയാണ്.
ഇതിനിടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ നിഖിൽ തോമസാണ് ‘കായംകുളത്തിന്റെ വിപ്ലവത്തിന്’ പിന്നിലെന്ന സംശയവും നേതൃത്വം പ്രകടിപ്പിച്ചിരുന്നു.
നശിപ്പിച്ചെന്ന് പറയുന്ന നിഖിലിന്റെ ഫോൺ കണ്ടെത്തിയാൽ ഇതിന് തെളിവ് ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ, നിഖിൽ കസ്റ്റഡിയിലിരിക്കെ സി.പി.എം നേതൃത്വത്തെ വെല്ലുവിളിച്ച് ‘വിപ്ലവം’ പേജിൽ പോസ്റ്റ് വന്നത് ആശയക്കുഴപ്പത്തിനും കാരണമായിരിക്കുകയാണ്. എം.എ. അലിയാർ അനുസ്മരണത്തിൽ മറഞ്ഞിരുന്ന് അക്രമിക്കുന്നവരെ കുറിച്ച് ജില്ല സെക്രട്ടറി ആർ. നാസർ നൽകിയ മുന്നറിയിപ്പിനുള്ള മറുപടിയിൽ നേതാക്കളുടെ അഴിമതിയാണ് വീണ്ടും അക്കമിട്ട് നിരത്തിയിരിക്കുന്നത്.
കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കുന്നവരുടെ പ്രധാന കേന്ദ്രമായി കായംകുളം മാറിയെന്നാണ് നാസർ കുറ്റപ്പെടുത്തിയത്. വ്യാജ ഐ.ഡികളിലൂടെ നിരന്തരമായി ഒരുപറ്റം നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നു. നേതാക്കളെ മോശപ്പെടുത്തുന്നു. ഇതിന് പിന്നിൽ ആരായാലും അവർ ഇത് അവസാനിപ്പിക്കണം. പാർട്ടിക്കുള്ളിലെ ചിലർ അതിന് കരുക്കളാകുന്നു. അവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയെ ഈ പാർട്ടിയിൽ നിന്നുകൊണ്ട് ആർക്കും തകർക്കാനാവില്ല. ചില പുഴുക്കുത്തുകൾ പാർട്ടിക്കകത്ത് കടന്നുവന്നിട്ടുണ്ട്. ഇത്തരക്കാർ പിടിയിലാകുമെന്ന് ഓർക്കണം. തെറ്റായ സമീപനം സ്വീകരിക്കുന്നവരെ ഓരോരുത്തരായി കണ്ടുപിടിച്ച് പുറത്താക്കുമെന്നും നാസർ മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ, തങ്ങൾ സി.പി.എമ്മിന് എതിരല്ലെന്നും പ്രസ്ഥാനത്തെ നശിപ്പിക്കുന്ന കപട മുഖങ്ങൾക്കെതിരെയാണ് പറയുന്നതെന്ന് ‘വിപ്ലവം’ പേജിൽ പറയുന്നു. ഓരോ നേതാക്കളുടെയും അഴിമതികൾ തെളിവ് സഹിതമാണ് പുറത്തുവിട്ടത്. വ്യാജമാണെങ്കിൽ കോടതിയെയോ പൊലീസിനെയോ സമീപിക്കാൻ ധൈര്യമുണ്ടോയെന്നും വെല്ലുവിളിക്കുന്നു. സംസ്ഥാന നേതൃത്വത്തിന് വരെ ബോധ്യപ്പെട്ട കാര്യങ്ങളാണ് ഞങ്ങൾ പറയുന്നതെന്നും അഴിമതിക്കാരായ നേതാക്കളെ പിഴുതെറിഞ്ഞ ശേഷമെ വിപ്ലവം അവസാനിക്കുകയുള്ളൂവെന്ന വെല്ലുവിളിയുമുണ്ട്.
വിപ്ലവം പേജിലെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സൈബർ സെൽ അന്വേഷണം ഊർജിതമാക്കുന്നതിനായി നിരന്തര ഇടപെടലാണ് നേതൃത്വം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.