മണ്ണ് ക്ഷാമത്തിന് പരിഹാരം; ദേശീയപാത നിർമാണത്തിന് വേഗമേറും
text_fieldsആലപ്പുഴ: ദേശീയപാത നിർമാണത്തിന് നേരിട്ടിരുന്ന മണ്ണ് ക്ഷാമത്തിന് പരിഹാരമാകുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നായി മണ്ണ് എത്തിച്ചു തുടങ്ങി. ഇതോടെ പാത നിർമാണം വേഗത്തിലായി. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് നടപടിയുണ്ടാക്കിയത്.
മണ്ണ് ക്ഷാമത്തിൽ മാസങ്ങളായി നിർമാണം നിലച്ചിരുന്ന റീച്ചുകളിൽ ഇതോടെ അടിപ്പാതകളുടെയും ഉയരപ്പാതകളുടെയും നിർമാണം തകൃതിയായി. കായംകുളം മുതൽ അരൂർവരെയുള്ള ജില്ലയിലെ ദേശീയ പാതയിൽ ഓച്ചിറ-കൊറ്റംകുളങ്ങര, കൊറ്റംകുളങ്ങര-പറവൂർ, പറവൂർ-തുറവൂർ റീച്ചുകളിൽ നൂറുകണക്കിന് ലോഡ് മണ്ണെത്തി. മേൽപാതയില്ലാത്ത സ്ഥലങ്ങളിൽ നിലവിലെ പ്രതലം കുഴിച്ച് അടിയിൽനിന്നേ ചെമ്മണ്ണ് ഇട്ട് ഉറപ്പിച്ചാണ് എല്ലായിടത്തും പാത നിർമിക്കുന്നത്.
അതിനാൽ ചെമ്മണ്ണിന്റെ ആവശ്യം വളരെ ഏറെയാണ്. മൂന്നു റീച്ചിലുമായി 40 ലക്ഷത്തിലേറെ ക്യൂബിക് മീറ്റർ മണ്ണെങ്കിലും ആവശ്യമാണ്. കൊറ്റുകുളങ്ങര-പറവൂർ, പറവൂർ-തുറവൂർ റീച്ചുകളിലാണ് ഏറ്റവുമധികം മണ്ണ് ആവശ്യമായുള്ളത്. പറവൂർ-തുറവൂർ റീച്ചിൽ മാത്രം 20 ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് വേണ്ടത്. ഇതിൽ ഒരു ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കകം എത്തിയിട്ടുണ്ട്.
ആലപ്പുഴ ബൈപാസ്, തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ എന്നിവിടങ്ങളിലൊഴികെ ജില്ലയിലെ റീച്ചുകളിൽ മണ്ണ് ക്ഷാമമാണ് നിർമാണത്തിന് പ്രധാനതടസ്സമായിരുന്നത്. അടിപ്പാതകൾ നിർമിക്കുന്ന ഇടങ്ങളിൽ പ്രധാന പാത മുകളിലൂടെയാകും കടന്നുപോകുക. അത്രത്തോളം ഉയർത്തുന്നതിന് വലിയതോതിൽ മണ്ണ് ആവശ്യമാണ്. മണ്ണ് എത്തിത്തുടങ്ങിയതോടെ ആവശ്യമുള്ളിടങ്ങളിൽ മണ്ണിട്ട് ഉയർത്തലും ബി.എംബി.സിക്കുശേഷം ടാറിങ് ജോലികളുമാണ് ആരംഭിച്ചിട്ടുള്ളത്. സർവിസ് റോഡ് നിർമാണം പൂർത്തിയാകാത്ത സ്ഥലങ്ങളിൽ അതും തുടങ്ങിയിട്ടുണ്ട്.
വേമ്പനാട്ട് കായലിൽ ഖനനത്തിന് നീക്കം
ദേശീയപാത നിർമാണത്തിനായി 10 ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് വേമ്പനാട്ട് കായലിൽനിന്ന് ഖനനം ചെയ്തെടുക്കാനും നീക്കമുണ്ട്. കായലിന്റെ ആഴം കുറയുന്നുവെന്നും അടിത്തട്ടിൽ പ്ലാസ്റ്റിക് അടക്കം മാലിന്യം അടിഞ്ഞ് കൂടിയത് മത്സ്യപ്രജനനത്തെ ബാധിക്കുന്നുവെന്നുമുള്ള മത്സ്യത്തൊഴിലാളികളുടെ പരിദേവനങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും കായലിൽനിന്നുള്ള മണ്ണ് ഖനനമെന്നാണ് കരുതുന്നത്.
കായലിന്റെ ആഴം കുറഞ്ഞതിനാലാണ് കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഇത്രത്തോളം രൂക്ഷമാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കായലിലെ മണ്ണ് നീക്കം ചെയ്യണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. പ്രളയകാലത്ത് വൻതോതിലാണ് കായലിലേക്ക് എക്കലും മണ്ണും വന്നടിഞ്ഞത്. ഇത് കുറെയെങ്കിലും നീക്കം ചെയ്യാൻ ദേശീയപാതക്കായുള്ള മണ്ണെടുപ്പിലൂടെ കഴിയുമെന്നാണ് കരുതുന്നത്. എന്നാൽ, നെൽകൃഷിക്കും കുട്ടനാട്ടിലെ പരിസ്ഥിതിക്കും ഇത് ദോഷമാണെന്ന നിലപാടുമായി നെൽകർഷകരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.