കാനഡയിൽ പഠിക്കുന്ന മകൻ അപകടത്തിൽ മരിച്ചു; വിവരമറിഞ്ഞ ഡോക്ടറായ മാതാവ് ജീവനൊടുക്കി
text_fieldsകായംകുളം: മകൻ വിദേശത്ത് മരിച്ചതിന്‍റെ വിഷമം താങ്ങാനാവാതെ മാതാവായ ഡോക്ടർ തൂങ്ങിമരിച്ചു. മാവേലിക്കര ഗവ. ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം ഡോക്ടർ കായംകുളം ചിറക്കടവം സിതാരയിൽ മെഹറുന്നിസയാണ് (53) മരിച്ചത്. ഇവരുടെ രണ്ടാമത്തെ മകനും എൻജിനീയറിങ് വിദ്യാർഥിയുമായ ബിന്യാമിനാണ് (20) കഴിഞ്ഞ ദിവസം കാനഡയിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചത്.
ഈ വിവരം വെള്ളിയാഴ്ച പുലർച്ച അറിഞ്ഞപ്പോഴുണ്ടായ ആഘാതത്തിലായിരുന്നു ആത്മഹത്യ. സഹായിയായ സ്ത്രീ മാത്രമേ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. ബിന്യാമിന്‍റെ പിതാവ് റിട്ട. പ്രോസിക്യൂഷൻ ഡയറക്ടർ ഷഫീഖ് റഹ്മാനെ ഫോണിൽ കിട്ടാതായതോടെയാണ് വിദേശത്തുനിന്ന് അധികൃതർ മാതാവിനെ മരണവിവരം അറിയിച്ചത്. മകൻ ഭക്ഷ്യ വിഷബാധയെത്തുടർന്ന് കാനഡയിൽ ആശുപത്രിയിലായതിന്റെ വിഷമത്തിനിടെ മരണവാർത്ത എത്തിയത് മാതാവിന് ഉൾക്കൊള്ളാനായില്ല. വിവരമറിഞ്ഞ് ഷഫീഖ് റഹ്മാൻ വിളിച്ചതനുസരിച്ച് സഹായി മുറിയിൽ എത്തിയപ്പോൾ ഡോക്ടർ കതക് തുറന്നില്ല.
സംശയം തോന്നിയ ഇവർ അയൽവാസികളെ കൂട്ടി ബലമായി തുറന്ന് അകത്തുകയറിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തേ ദീർഘകാലം കായംകുളം ഗവ. ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. മറ്റൊരു മകൻ: ഫാരിസ് റഹ്മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.