എസ്.എസ്.എഫ് സുവർണ ജൂബിലി റാലി ജനസാഗരമായി
text_fieldsആലപ്പുഴ: സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷൻ (എസ്.എസ്.എഫ്) സുവർണ ജൂബിലി പ്രഖ്യാപനവും റാലിയും കിഴക്കിന്‍റെ വെനീസിൽ പുതുചരിത്രമായി. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിലേക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്നിന് കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിൽനിന്നും തിരുവമ്പാടിയിൽനിന്നും രണ്ടുവരിയായി മുന്നേറിയ പ്രകടനം മണിക്കൂറുകൾ എടുത്താണ് സമ്മേളനവേദിയിൽ സമാപിച്ചത്. പരിസ്ഥിതി, കല, സാഹിത്യം, മുസ്ലിം നവോത്ഥാനം, ക്ഷേമ രാഷ്ട്രം, സമരങ്ങൾ തുടങ്ങി വിവിധപ്രമേയത്തിലെ ആവിഷ്കാരങ്ങളുമുണ്ടായിരുന്നു.
പൊതുസമ്മേളനം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജഅ്ഫർ പ്രമേയം അവതരിപ്പിച്ചു. ഒന്നരവർഷം നീളുന്ന ആഘോഷ പരിപാടികളുടെയും കർമപദ്ധതികളുടെയും പ്രഖ്യാപനവും നടന്നു. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം എ.ത്വാഹ മുസ്ലിയാർ കായംകുളം, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, മജീദ് കക്കാട്, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്‍റ് ത്വാഹ സഖാഫി കുറ്റ്യാടി, വൈസ് പ്രസിഡന്‍റ് മുഹമ്മദ് തുറാബ് അസ്സഖാഫി, സെക്രട്ടറി എം. മുഹമ്മദ് സ്വാദിഖ്, വി.പി.എ. തങ്ങൾ ആട്ടീരി, ബാദുഷ സഖാഫി ആലപ്പുഴ, അബ്ദുന്നാസിർ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എഫ് ഉയർത്തിയ ആശയങ്ങളെയും സാധിച്ച വിപ്ലവത്തെയും ആവിഷ്കരിച്ച 50 കലാകാരന്മാർ അണിനിരന്ന സമരശിൽപവും അവതരിപ്പിച്ചു. 17 സംസ്ഥാനത്ത് ഒരേസമയം എൻഹാൻസ് ഇന്ത്യ കോൺഫറൻസ് എന്ന പേരിൽ സുവർണ
ജൂബിലി പ്രഖ്യാപനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.