സംസ്ഥാന ബജറ്റ്; ആലപ്പുഴ സിവില്സ്റ്റേഷന് നാലുകോടി
text_fieldsആലപ്പുഴ: സംസ്ഥാന ബജറ്റില്‍ ആലപ്പുഴ റവന്യൂ ഡിവിഷന് ഓഫിസ് മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന് നാലുകോടി രൂപ അനുവദിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കണ്വെന്ഷന് സെന്ററിന് മൂന്നുകോടി, ആലപ്പുഴ വിജയ പാര്‍ക്ക് നവീകരണം രണ്ടുകോടി, ക്ലീന്‍ ആലപ്പുഴ സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് ഒരുകോടി, ആലപ്പുഴ ഫിഷറീസ് ഓഫുസ് ഒരുകോടി എന്നിങ്ങ അനുവദിച്ചതായി പി.പി. ചിത്തരഞ്ജന് എം.എല്‍.എ അറിയിച്ചു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് ടൂറിസം ഫെലിസിറ്റേഷന്‍ സെന്റര്‍, ആര്യാട് നോര്‍ത്ത് യു.പി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, എസ്.എല്‍ പുരം സദാനന്ദന് സ്മാരക നാടക തിയറ്റര്‍ സമുച്ചയം, ആലപ്പുഴ മണ്ഡലം മിനി സിവില്‍ സ്റ്റേഷന് വിപണന കേന്ദ്രം, ശാസ്ത്രീയ ഫിഷ് ലാന്‍ഡിങ് സെന്ററും പുലിമുട്ടും, സര്‍വോദയപുരം അന്താരാഷ്ട്ര സ്റ്റേഡിയം, ആലപ്പുഴ കനാല്‍ സൗന്ദര്യവത്കരണം, കനോയിങ് കയാക്കിങ് പരിശീലന കേന്ദ്രം, ഗവ. സിദ്ധവൈദ്യ ഡിസ്പെന്‍സറി, മണ്ണഞ്ചേരി ആയുര്‍വേദ ആശുപത്രി, മാരാരിക്കുളം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി എന്നിവക്ക് കെട്ടിടം നിര്‍മാണം, ആലപ്പുഴ മണ്ഡലത്തിലെ തീരപ്രദേശത്തെ തിയശ്ശേരി പൊഴി, കാരിപൊഴി, ഓമനപൊഴി, അറക്കല്പൊഴി ചെറിയപൊഴി എന്നിവയുടെ പുനരുദ്ധാരണം തുടങ്ങിയവ ബജറ്റില്‍ പരാമര്‍ശം നേടിയെന്നും എം.എൽ.എ അറിയിച്ചു.
പാവപ്പെട്ടവരെ വഞ്ചിച്ചു -എ.എ. ഷുക്കൂർ
ആലപ്പുഴ: പാവപ്പെട്ടവരെയും ഇടത്തരക്കാരെയും വഞ്ചിച്ച ബജറ്റാണ് സർക്കാറിന്റേതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. സാമൂഹിക സുരക്ഷാ പെൻഷൻ കുടിശ്ശികയായിട്ടും നൽകാൻ നിർദേശമില്ലാത്ത് ക്രൂരതയാണ്. കാർഷിക മേഖലയിലും മത്സ്യമേഖലയിലും കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളിൽ മുൻകാല ബജറ്റുകളിലെ പ്രഖ്യാപിത നിർദേശങ്ങൾ നടപ്പാക്കാതിരുന്ന സർക്കാർ അത് പൂർണമായും മറച്ചുവെച്ചുകൊണ്ടാണ് നാമമാത്ര തുക നിർദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നിരാശജനകം -ബി.ജെ.പി അധ്യാപക സെൽ
ചെങ്ങന്നൂർ: 11ാം ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായി ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യം പ്രോവിഡൻറ് ഫണ്ടിൽ ലയിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും ബജറ്റിൽ പരാമർശമുണ്ടാകാത്ത് ജീവനക്കാരോടുള്ള വഞ്ചനയാണെന്ന് ബി.ജെ.പി അധ്യാപക സെൽ സംസ്ഥാന കൺവീനർ ജി. ജയദേവ് അഭിപ്രായപ്പെട്ടു. സാധാരണ ജനവിഭാഗങ്ങൾക്ക് ഒരു നേട്ടവുമില്ലാത്ത ബജറ്റാണ് മന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്നും ആരോപിച്ചു.
കാർഷിക മേഖലയെ അവഗണിച്ചു –കർഷക ഫെഡറേഷൻ
ആലപ്പുഴ: സംസ്ഥാന ബജറ്റിൽ കാർഷിക മേഖലയെക്കുറിച്ച് ഒരു നിർദേശവുമില്ലെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച കുട്ടനാട് പാക്കേജ് പദ്ധതികളും കാർഷിക മേഖലയിലെ പുനരുദ്ധാരണ പദ്ധതികളും നടപ്പായില്ലെന്നും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ പ്രാവർത്തികമാക്കുമെന്ന് ഒരു ഉറപ്പുമില്ല. കൃഷിക്കാരനെ കാർഷികവൃത്തിയിൽ നിലനിർത്താൻ ഒരു പദ്ധതിയും ബജറ്റിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. റബറിന് കിലോക്ക് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നും ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.