സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; പുതുപരീക്ഷണങ്ങളുടെ കലവറ തുറക്കാനൊരുങ്ങി ജില്ല
text_fieldsആലപ്പുഴ: പുതു പരീക്ഷണങ്ങളുടെ കലവറ തുറക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തെ വരവേൽക്കാനായി ജില്ല ഒരുങ്ങുന്നു. നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു സ്കൂളുകളിൽ 15 മുതൽ 18 വരെയാണ് മേള.
ഇതോടനുബന്ധിച്ച് ശാസ്ത്ര സംവാദം, വൊക്കേഷനൽ എക്സ്പോ, കരിയർ എക്സ്പോ, കരിയർ സെമിനാർ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകും. ഇതിനായി വേദികളും അനുബന്ധ സൗകര്യങ്ങളുമെല്ലാം തായറാവുന്നു. തിങ്കളാഴ്ച ജില്ലയിലെ വിദ്യാലയങ്ങളിൽ പതാക ദിനം, പ്രത്യേക അസംബ്ലി, ശാസ്ത്രോത്സവ പതാക ഉയർത്തൽ എന്നിവ സംഘടിപ്പിക്കും.
15നു രാവിലെ ഒമ്പതിന് പ്രധാനവേദിയായ സെന്റ് ജോസഫ്സ് സ്കൂളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു പതാക ഉയർത്തും. തുടർന്ന്, വിദ്യാർഥികളുടെ രജിസ്ട്രേഷൻ. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. 180 ഇനങ്ങളിലായി 5,000 വിദ്യാർഥികൾ ശാസ്ത്രമേളയുടെ ഭാഗമാകും.18നു വൈകീട്ട് സമാപനസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വി. ശിവൻകുട്ടി അധ്യക്ഷനാകും.
വേദികളിലെല്ലാം ഹരിതചട്ടം അനുസരിച്ച് കുടിവെള്ളം സജ്ജീകരിക്കും. പൊലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ്, വൈദ്യസഹായം തുടങ്ങിയ സേവനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. മത്സരങ്ങളുടെ മൂല്യനിർണയത്തിനുശേഷം പൊതുജനങ്ങൾക്ക് പ്രദർശനം കാണാം.
വി.എച്ച്.എസ്.ഇ എക്സ്പോയും
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വി.എച്ച്.എസ് ഇ എക്സ്പോയും നടക്കും. ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉൽപ്പാദന സേവന കേന്ദ്രങ്ങളിലൂടെ വിദ്യാർഥികൾ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെയും സേവന പ്രവർത്തനങ്ങളുടെയും പ്രദർശനമാണ് വൊക്കേഷനൽ എക്സ്പോ.
വിദ്യാർഥികളെ സ്വീകരിക്കാൻ സഹായകേന്ദ്രങ്ങൾ
വിവിധ ജില്ലകളിൽ നിന്നെത്തുന്ന വിദ്യാർഥികളെയും അധ്യാപകരെയും സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായി സഹായകേന്ദ്രങ്ങൾ ഒരുക്കി.
ഇവർക്കെല്ലാം സ്കൂളുകളിലേക്കും താമസ കേന്ദ്രങ്ങളിലേക്കും യാത്രാ സൗകര്യമുണ്ടാകും. വിദ്യാർഥികൾക്കും അധ്യാപകർക്കുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ചിക്കര കേന്ദ്രത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇവിടെയും നഗരത്തിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളുകളിലുമാവും താമസം. വിദ്യാർഥികൾ നിർമിക്കുന്ന ഉത്പന്നങ്ങളുടെയും സേവനപ്രവർത്തനങ്ങളുടെയും പ്രദർശനമാണ് വൊക്കേഷനൽ എക്സ്പോ. 84 ടീമുകളാണ് എക്സ്പോയിൽ എത്തുക.
സദ്യയൊരുക്കാൻ പഴയിടം
വിദ്യാർഥികൾക്ക് നാലുനേരവും ഭക്ഷണമൊരുക്കാൻ പഴയിടം മോഹനൻ നമ്പൂതിരിയെത്തും. പ്രാതലും അത്താഴവും അടുക്കള ഒരുക്കിയിട്ടുള്ള ലജ്നത്ത് സ്കൂളിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഉച്ചഭക്ഷണം മാത്രം വേദികളിൽ എത്തിച്ചുകൊടുക്കും.
പതാക ജാഥ 14ന് തുടങ്ങും
കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ ‘ഹോർത്തൂസ് മലബാറിക്കസ്’ എന്ന ഗ്രന്ഥത്തിന്റെ നിർമാണത്തിൽ മുഖ്യ പങ്കുവഹിച്ച പ്രഗത്ഭ നാട്ടുവൈദ്യൻ ആയിരുന്ന ഇട്ടി അച്യുതൻ വൈദ്യരുടെ ചേർത്തല കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തിൽ നിന്നും 14ന് രാവിലെ ഒമ്പത് മണിക്ക് പതാകജാഥ ആരംഭിക്കും. ചേർത്തല, അരൂർ മണ്ഡലങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആലപ്പുഴ മുനിസിപ്പൽ ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും.
അതോടൊപ്പം ഹരിത വിപ്ലവത്തിന്റെ നായകനായിരുന്ന കൃഷി ശാസ്ത്രഞ്ജൻ എം.എസ്. സ്വാമിനാഥന്റെ മങ്കൊമ്പ് തറവാട് വീട്ടിൽ നിന്നും ആരംഭിച്ച് കുട്ടനാട്, ഹരിപ്പാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ സ്കൂളുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ദീപശിഖ റാലിയും ഒരുമിച്ച് ആലപ്പുഴ മുനിസിപ്പൽ ശതാബ്ദി മന്ദിരത്തിൽ സംഗമിക്കും.
പന്തലിന് കാൽനാട്ടി
ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സ്റ്റേജിന്റെയും പന്തലിന്റെയും കാൽനാട്ടു കർമം ഞായറാഴ്ച കമ്മിറ്റി ചെയർമാനും ആലപ്പുഴ മുനിസിപ്പൽ കൗൺസിലറുമായ എസ്. ഹരികൃഷ്ണൻ നിർവഹിച്ചു. കൊറ്റം കുളങ്ങര വാർഡ് കൗൺസിലർ മനു ഉപേന്ദ്രൻ, സ്റ്റേജ് പന്തൽ കമ്മിറ്റി കൺവീനർ ജയ് ഹരീഷ് കുമാർ, ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർ ശ്രീകുമാർ, മീഡിയ കൺവീനർ മുഹമ്മദ് ഫൈസൽ ടി. രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ജോസ് കുര്യൻ, ജോയൻറ് കൺവീനർ അജു പി. ബെഞ്ചിമിൻ, സ്റ്റേജ് മാനേജർ വിൽസൺ വിൽഫ്രഡ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.