ജനന നിയന്ത്രണ പദ്ധതി നടപ്പാക്കുന്നില്ല; തെരുവുനായ്ക്കൾ വൻതോതിൽ പെരുകുന്നു
text_fieldsആലപ്പുഴ: ജില്ലയിൽ തെരുവുനായ്ക്കളുടെ എണ്ണം വൻതോതിൽ പെരുകുന്നു. വർഷം 6000ത്തിലേറെ തെരുവുനായ്ക്കൾ വർധിക്കുന്നുവെന്നാണ് കണക്ക്. ഒരുവർഷം മുമ്പ് 19,000 ആയിരുന്നത് ഇപ്പോൾ കാൽലക്ഷം കവിഞ്ഞുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതിന്റെ ഇരട്ടിയോളം തെരുവുനായ്ക്കളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഗ്രാമപ്രദേശങ്ങളിലെ നിരത്തുകളിൽപോലും 200-300 മീറ്റർ ഇടവിട്ട് നായ്ക്കൂട്ടങ്ങളെ കാണാം. ഇത്രത്തോളം പെരുകിയിട്ടും പ്രജനനം നിയന്ത്രിക്കുന്ന എ.ബി.സി പദ്ധതി നടപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പിന് കഴിയുന്നുമില്ല. നായ്ക്കളിൽ അക്രമവാസന കൂടുന്നതും ജനങ്ങൾക്ക് വലിയ ഭീഷണിയാണ്.
രാവിലെ നടക്കാൻ പോകുന്നവർ, പത്രവിതരണക്കാർ, പാൽ വിതരണക്കാർ തുടങ്ങിയവർ തെരുവുനായ്ക്കളുടെ ശല്യംമൂലം വലയുന്നു. വഴിയാത്രക്കാർക്ക് മാത്രമല്ല വീട്ടുമുറ്റങ്ങളിൽ നിൽക്കുന്നവർക്കും കടിയേൽകുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നായ്ക്കളുടെ വലിയ കൂട്ടമാണ് തമ്പടിച്ചിരിക്കുന്നത്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കടപ്പുറം എന്നിവിടങ്ങളിലാണ് പ്രധാനമായും തെരുവുനായ്ക്കൂട്ടം വിലസുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തോളം ഇടങ്ങളിൽ തെരുവുനായ്ക്കൾമൂലം അപകടങ്ങളുണ്ടായി. കോഴി, പൂച്ച, ആട് തുടങ്ങിയ വളർത്തുമൃഗങ്ങൾ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്ന സംഭവങ്ങൾ പതിവാണ്.
മോണിറ്ററിങ് സമിതികൾ നോക്കുകുത്തി
ഗ്രാമപഞ്ചായത്തുകളില്‍ എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട മോണിറ്ററിങ് സമിതികൾ നോക്കുകുത്തിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേധാവി എക്സ് ഒഫിഷ്യോ ചെയര്‍മാനും ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ മൃഗഡോക്ടര്‍, മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാനുള്ള ജില്ലതല സഹകരണ സംഘത്തില്‍നിന്നുള്ള ഒരു പ്രതിനിധി, മൃഗസംരക്ഷണ സംഘടനകളില്‍നിന്നും രണ്ടുപേർ എന്നിവർ ഉൾപ്പെടുന്നതാണ് മോണിറ്ററിങ് സമിതി. തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികള്‍ക്ക് നിർദേശം നല്‍കേണ്ടതും തുടര്‍ നടപടികള്‍ ഉറപ്പുവരുത്തേണ്ടതും മോണിറ്ററിങ് സമിതിയാണ്. മിക്ക പഞ്ചായത്തിലും സമിതി കടലാസിൽ മാത്രമാണ്.
എ.ബി.സി പദ്ധതിക്ക് കേന്ദ്ര അംഗീകാരം തടസ്സം
കേന്ദ്ര ജന്തുക്ഷേമ ബോർഡിന്റെ അംഗീകാരം ലഭിക്കാത്തതാണ് തെരുവുനായ് ജനന നിയന്ത്രണ പദ്ധതിക്ക് തടസ്സമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ല പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തെരുവുനായ് വന്ധ്യംകരണത്തിന് ആലപ്പുഴ ബീച്ചിലെയും കണിച്ചുകുളങ്ങരയിലെയും എ.ബി.സി സെന്ററുകളിൽ ഉപകരണങ്ങളെല്ലാം സജ്ജമാക്കി ജീവനക്കാരുടെ നിയമന നടപടികളും പൂർത്തിയാക്കിയപ്പോഴാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചിട്ടും ജന്തുക്ഷേമ ബോർഡ് അംഗീകാരം നൽകിയിട്ടില്ല. എ.ബി.സി സെന്ററിലെ ഓപറേഷൻ തിയറ്ററിന് ആവശ്യമായ ആട്ടോക്ലേവ് മെഷീൻ, ഫ്രിഡ്ജ്, ഇൻവെർട്ടർ തുടങ്ങിയവ സംവിധാനങ്ങളെല്ലാം മാസങ്ങളായി സജ്ജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.