തെരുവുനായ് നിയന്ത്രണം; എ.ബി.സി സെൻററിന് കേന്ദ്രമൃഗസംരക്ഷണ ബോർഡിന്റെ അംഗീകാരം
text_fieldsകേന്ദ്രമൃഗസംരക്ഷണ ബോർഡിന്റെ അംഗീകാരം ലഭിച്ച കണിച്ചുകുളങ്ങരയിലെ എ.ബി.സി സെന്റർ
ആലപ്പുഴ: ജില്ലയിലെ തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണാനും തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള പ്രതിരോധത്തിനും ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിൽ ആരംഭിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) സെന്ററിന് കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ അംഗീകാരം.
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളങ്ങര മൃഗാശുപത്രിക്ക് സമീപം ആരംഭിക്കുന്ന സെന്ററിന് ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ (എ.ഡബ്ല്യു.ബി.ഐ.) അംഗീകാരമാണ് ലഭിച്ചത്. കേന്ദ്രസർട്ടിഫിക്കേഷൻ നേടിയ ജില്ലയിലെ ആദ്യത്തെ എ.ബി.സി സെന്ററാണിത്. എ.ഡബ്ല്യു.ബി.ഐ ഇൻസ്പെക്ഷൻ ടീം അംഗങ്ങൾ ജനുവരിയിൽ സെന്ററിലെത്തി പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
840 ചതുരശ്ര അടിയുള്ള പ്രധാന കെട്ടിടം, അനുബന്ധ സൗകര്യങ്ങൾക്ക് നിർമിച്ച ഷെഡുകൾ, 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവ ഉൾപ്പെടെയുണ്ട്. ശസ്ത്രക്രിയ തിയറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപറേറ്റിവ് മുറികൾ, ജീവനക്കാർക്കുള്ള മുറി, എ.ബി.സി ഓഫിസ്, സ്റ്റോർ, മാലിന്യ നിർമാർജസൗകര്യം, അടുക്കള തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ദിവസം 10 ശസ്ത്രക്രിയകൾ വരെ നടത്താം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഗോസ് ഇക്കോ ഫ്രണ്ട്ലിയുമായി (ഐ.എം.ഇ.ജി.ഇ) സഹകരിച്ചാണ് സെന്ററിലെ ബയോമെഡിക്കൽ മാലിന്യങ്ങൾ നിർമാർജനം ചെയ്യുക.
വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, തിയറ്റർ സഹായി, ശുചീകരണ തൊഴിലാളി, നായപിടുത്ത സംഘം എന്നിവരെ നിയമിച്ചിട്ടുണ്ട്. അതിരാവിലെയും വൈകീട്ടുമാണ് തെരുവുനായ്ക്കളെ പിടികൂടുക. ശസ്ത്രക്രിയക്കുശേഷം ആൺ നായ്ക്കളെ നാല് ദിവസവും പെൺ നായ്ക്കളെ അഞ്ചു ദിവസവും നിരീക്ഷണത്തിൽ പാർപ്പിക്കും. ഇവയ്ക്കുള്ള ആൻറിബയോട്ടിക് ചികിത്സയും ഭക്ഷണവും സെന്ററിൽ നൽകും. കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ ആക്ഷൻ പ്ലാൻ അനുസരിച്ചാണ് പ്രവർത്തനങ്ങൾ. ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്താൻ പാടില്ലെന്ന നിർദേശത്തിൽ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച നായ്ക്കക്കളെ പിടികൂടുന്ന സ്ഥലത്തുതന്നെ തിരിച്ചെത്തിക്കും. തിരിച്ചറിയാൻ നായ്ക്കളുടെ ചെവിയിൽ അടയാളം പതിക്കും. പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പും നൽകും. കുത്തിവെപ്പും നൽകും.
മികച്ചനിലവാരത്തിൽ പൂർത്തിയാക്കിയ കണിച്ചുകുളങ്ങരയിലെ എ.ബി.സി സെന്റർ അടുത്തദിവസം മന്ത്രി ജെ. ചിഞ്ചുറാണി നാടിന് സമർപ്പിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38,24,000 രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ സെന്റർ നിർമിച്ചത്. പ്രവർത്തനസജ്ജമാക്കുന്നതോടെ നിർവഹണച്ചുമതല കഞ്ഞിക്കുഴി ബ്ലോക്കിന് കൈമാറും. കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്ക് പഞ്ചായത്തുകളും ചേർത്തല നഗരസഭയും സെന്ററിന്റെ പ്രവർത്തനപരിധിയിൽ വരുമെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.