തെരുവുനായ് ശല്യം രൂക്ഷം; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ
text_fieldsചാരുംമൂട്: തെരുവുനായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ. വീടുവിട്ടു ഇറങ്ങാനോ കുഞ്ഞുങ്ങളെ സ്കൂളുകളിലേക്ക് പറഞ്ഞുവിടാനോ കഴിയാതെ ഭയപ്പാടിലാണ് നാട്ടുകാർ. കൂട്ടംകൂടി സഞ്ചരിക്കുന്ന നായ്ക്കൾ കാൽനടക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാകുകയാണ്.
ചാരുംമൂട് മേഖലയിലെ മാർക്കറ്റുകളും മാലിന്യം തള്ളുന്ന കെ.ഐ.പി കനാലുകളും കേന്ദ്രീകരിച്ചാണ് നായ്ക്കൾ വിലസുന്നത്. താമരക്കുളം മാധവപുരം മാർക്കറ്റ്, ആദിക്കാട്ടുകുളങ്ങര, എരുമക്കുഴി, പടനിലം, ചുനക്കര ചന്ത, ചാരുംമൂട് ജങ്ഷൻ, മുതുകാട്ടുകര ക്ഷേത്ര ജങ്ഷൻ, തത്തംമുന്ന മുതൽ കാവുമ്പാട് ചന്തവരെയുള്ള കെ.ഐ.പി കനാൽ ഭാഗങ്ങളിലും നൂറനാട്, പാറ, പള്ളിമുക്ക്, പണയിൽ എന്നീ ജനത്തിരക്കേറിയ സ്ഥലങ്ങളിലുമാണ് തെരുവുനായ് ശല്യം രൂക്ഷമായത്.
നൂറുകണക്കിനു തെരുവുനായ്ക്കളാണ് ശരീരം മുഴുവൻ വൃണങ്ങളുമായി ഈ പ്രദേശങ്ങളിൽ അലഞ്ഞു തിരിയുന്നത്. പ്രഭാതസവാരിക്ക് പോകുന്നവർക്കും വിവിധ പ്രദേശങ്ങളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുന്നവർക്കും നായ്ക്കളുടെ ആക്രമണം ഉണ്ടാകുന്നതു സ്ഥിരമാണ്. പലരും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുകയാണു പതിവ്. രാവിലെ സൈക്കിളിലും കാൽനടയായും പോകുന്ന വിദ്യാർഥികൾക്കുനേരെ നായ്ക്കൾ ചാടിവീഴുന്നതും സ്ഥിരംകാഴ്ചയാണ്.
തെരുവുനായ്ക്കളുടെ ആക്രമണത്തെപ്പറ്റി നിരന്തരം പരാതി ഉയരുന്നുണ്ടെങ്കിലും അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. ജനങ്ങളെ തെരുവുനായ്ക്കളിൽനിന്ന് രക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.