തെരുവുനായ്ക്കളെ പിടിക്കാൻ നഗരസഭയിൽ സ്ഥിരം സംവിധാനം
text_fieldsആലപ്പുഴ: അക്രമകാരികളായ നായ്ക്കളെ ദ്രുതഗതിയിൽ പിടികൂടാൻ പരിശീലനം ലഭിച്ച സ്ഥിരം നായ്പിടിത്തക്കാരുടെ സേവനം ഉറപ്പാക്കുമെന്ന് നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ. കഴിഞ്ഞ ദിവസം നഗരത്തിലും പരിസരപ്രദേശത്തും നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച് ചത്ത രണ്ട് തെരുവുനായ്ക്കൾക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനായി സന്നദ്ധരായ അഞ്ച് കണ്ടിൻജന്റ് ജീവനക്കാർക്ക് പരിശീലനം നൽകും. സീവ്യൂ വാര്‍ഡിലെ എ.ബി.സി സെന്റര്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് മാനദണ്ഡ പ്രകാരം അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി ജില്ല പഞ്ചായത്തുമായി ചേര്‍ന്ന് വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള നിയമനടപടികൾ ആലോചിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ, ഉടമസ്ഥനില്ലാത്ത തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാൻ നിയമ തടസ്സമുണ്ടെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ വന്ധ്യംകരണ പദ്ധതി ഫലപ്രദമാണോയെന്ന് പരിശോധിക്കണമെന്ന ആവശ്യമുയർന്നു.
നഗരസഭ ചെയര്പേഴ്സൻ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.എസ്. എം. ഹുസൈന് സ്ഥിരം സമിതി അധ്യക്ഷരായ എം.ആർ. പ്രേം, എ.എസ്. കവിത, കൗൺസിലർമാരായ സൗമ്യരാജ്, കക്ഷിനേതാക്കളായ അഡ്വ. റീഗോ രാജു, സലിം മുല്ലാത്ത്, കൗണ്‍സിലര്‍മാരായ, ഇല്ലിക്കല്‍ കുഞ്ഞുമോന്, അരവിന്ദാക്ഷന്, ബി. അജേഷ്, മനു ഉപേന്ദ്രന്, ബി. മെഹബൂബ്, ആര്. രമേഷ്, എല്ജിന് റിച്ചാഡ്, ഹെലന് ഫെര്‍ണാണ്ടസ്, മനീഷ സജിന്‍, കൊച്ചുത്രേസ്യാമ്മ ജോസഫ്, ജി. ശ്രീലേഖ, സെക്രട്ടറി എ.എം. മുംതാസ് എന്നിവർ സംസാരിച്ചു.
പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിന് തുടക്കം
ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തില്‍ മെഗാ വാക്സിനേഷന് യജ്ഞത്തിന് തുടക്കമായി. കൊമ്മാടി, പൂന്തോപ്പ്, ആശ്രമം, മന്നത്ത്, ചാത്തനാട്, ആറാട്ടുവഴി, പവര്‍ഹൗസ് വാർഡുകളിലാണ് വാക്സിനേഷൻ നൽകിയത്. ആദ്യദിനം പരിശീലനം ലഭിച്ച നായ് പിടിത്തക്കാരുടെ സഹായത്തോടെ ഏഴ് വാര്‍ഡുകളില്‍നിന്ന് പിടികൂടിയ 170 തെരുവുനായ്ക്കളെ വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് കുത്തിവെച്ചത്. വാക്സിനേറ്റ് ചെയ്ത നായ്ക്കളെ തിരിച്ചറിയാൻ ഫാബ്രിക് പെയിന്റ് അടയാളപ്പെടുത്തിയാണ് വിട്ടയച്ചത്. മൂന്നാഴ്ചക്കുള്ളിൽ മുഴുവൻ വാർഡുകളിലെയും കുത്തിവെപ്പ് പൂർത്തിയാക്കും. നഗരസഭ വൈസ് ചെയര്മാന് പി.എസ്.എം ഹുസൈന്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എസ്. കവിത, സ്ഥിരംസമിതി അധ്യക്ഷരായ എം.ജി. സതീദേവി, എം.ആർ. പ്രേം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാംകുമാര്‍, ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ പി.വി. അരുണോദയ, സീനിയര്‍ വെറ്ററിനറി സര്ജന് പി. രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.