ചോദ്യമുന്നയിച്ച് വിദ്യാർഥികൾ; പാട്ടും പാടി നേരിട്ട് കലക്ടർ
text_fieldsആലപ്പുഴ: കലക്ടറെന്ന നിലയില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി മാഡം എന്തൊക്കെയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?. സ്കൂള്‍, കോളജ് തലം മുതല്‍ ഇന്നുവരെ കലക്ടര്‍ മാഡത്തെ സ്വാധീനിച്ച പ്രധാന വ്യക്തികള്‍ ആരൊക്കെ? എന്ന് തുടങ്ങി സ്കൂള്‍ വിദ്യാര്‍ഥികൾ ചോദ്യങ്ങൾ തൊടുത്തുകൊണ്ടിരുന്നു.
സ്നേഹത്തോടെ മറുപടി നല്‍കിയും സംവദിച്ചും കലക്ടര്‍ ഹരിത വി. കുമാറും കുട്ടികൾക്ക് പ്രതീക്ഷ നൽകി. ജില്ല ഭരണകൂടം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘മീറ്റ് യുവര്‍ കലക്ടര്‍’ പരിപാടിയുടെ ആദ്യദിനത്തിൽ സംവദിക്കുകയായിരുന്നു അവർ. ആലപ്പുഴ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് കലക്ടറുമായി സംവദിക്കാനെത്തിയത്.
സിവില്‍ സര്‍വിസ് പരീക്ഷക്ക് തയാറെടുക്കുമ്പോള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍, കലക്ടറായ ശേഷമുള്ള അനുഭവങ്ങള്‍, സ്കൂള്‍ പഠനകാലത്തെ ഓര്‍മകള്‍ എന്നിവയെക്കുറിച്ചെല്ലാം വിദ്യാര്‍ഥികളോട് വാചാലയായി. വിദ്യാര്‍ഥികളില്‍ ഒാരോരുത്തരുടെയും പേര് ചോദിച്ച് പരിചയപ്പെടുകയും അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ചോദിച്ചറിയുകയും ചെയ്തു.
ഖലീല്‍ ജിബ്രാന്റെ ‘ദ പ്രോഫറ്റ്’ എന്ന പുസ്തകത്തിന്റെ സാരാംശവും കലക്ടര്‍ വിദ്യാര്‍ഥികളോട് പങ്കുവെച്ചു. ഒടുവില്‍ പാട്ട് കേള്‍ക്കണമെന്ന കുട്ടികളുടെ സ്നേഹത്തോടെയുള്ള ആവശ്യം അംഗീകരിച്ച് അവര്‍ക്കായി കവിതയും പാട്ടും പാടി നല്കി. ഉണ്ണീ ആരാരിരോ.. തങ്കം ആരാരീരോ... എന്ന പാട്ടും വയലാറിന്റെ കവിതയുമാണ് ആലപിച്ചത്.
കലക്ടറേറ്റിലെ കൺട്രോൾ റൂം സന്ദര്‍ശിക്കാനും വിവിധ വകുപ്പുകളുടെയും ഓഫിസിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ഒരുക്കിയിരുന്നു.
ഡെപ്യൂട്ടി കലക്ടര്‍ ആശ സി. എബ്രഹാം, ജില്ല സാമൂഹിക നീതി ഓഫിസര്‍ എ.ഒ. അബീന് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.