ഊർജിത കന്നുകാലി വികസന പദ്ധതി ഉപകേന്ദ്രം ശോച്യാവസ്ഥയിൽ
text_fieldsനൂറനാട്: പാലമേൽ പഞ്ചായത്തിലെ മൃഗാശുപത്രിയിൽ പ്രവർത്തിക്കുന്ന ഊർജിത കന്നുകാലി വികസന പദ്ധതി ഉപകേന്ദ്രം കുടശ്ശനാട്ടേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങൾക്ക് മുമ്പ് വേണ്ടത്ര സൗകര്യമില്ലാത്തതിന്‍റെ പേരിലാണ് കുടശ്ശനാട് സബ് സെൻറർ നൂറനാട് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന മൃഗാശുപത്രി കെട്ടിടത്തിലേക്ക് മാറ്റിയത്.
പഞ്ചായത്ത് അധികൃതർ കെട്ടിടം കണ്ടെത്തിയെങ്കിലും ഈ സബ് സെന്‍റർ വീണ്ടും കുടശ്ശനാട്ടേക്ക് മാറ്റി സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് കർഷകർ പറയുന്നു. മൃഗാശുപത്രിയുടെ കീഴിൽ ആദിക്കാട്ടുകുളങ്ങര, കുടശ്ശനാട് സബ് സെൻററുകളാണ് പ്രവർത്തിച്ചിരുന്നത്.
ക്ഷീരസംഘത്തിന്‍റെ ഒരു മുറിയിലായിരുന്നു കുടശ്ശനാട് സബ് സെൻറർ പ്രവർത്തിച്ചിരുന്നത്. രണ്ട് ജീവനക്കാർക്ക് നിന്നുതിരിയാൻ ഇടമില്ലാത്ത ഈ ഓഫിസിൽ ക്ഷീരസംഘത്തിലേക്ക് ആവശ്യമായി വരുന്ന കാലിത്തീറ്റയടക്കമുള്ളവ സൂക്ഷിച്ചിരുന്നത്.
ഇതോടെ ഓഫിസിന്റെ പ്രവർത്തനം പൂർണമായി താളം തെറ്റുന്ന അവസ്ഥയിലായിരുന്നു. ജീവനക്കാർക്ക് സ്വതന്ത്രമായി ജോലി ചെയ്യുന്നതിനോ സെൻററിൽ എത്തുന്ന ക്ഷീരകർഷകർക്ക് അവരുടെ ഉരുക്കളെ കെട്ടുന്നതിനോ സൗകര്യമില്ലാത്ത അവസ്ഥ എത്തിയതോടെയാണ് കുടശ്ശനാട് സബ് സെൻറർ നൂറനാട് പ്രവർത്തിക്കുന്ന മൃഗാശുപത്രി കെട്ടിടത്തിലേക്ക് മാറ്റിയത്.
നൂറുകണക്കിന് ക്ഷീരകർഷകരാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷീരകർഷകർക്ക് വളർത്തുമൃഗങ്ങളുമായി നൂറനാട് എത്തുന്നത് ദൂരമായതിനാലും, കർഷകർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനാണ് സബ് സെന്ററുകൾ അനുവദിച്ചത്.
കുടശ്ശനാട്, ആദി ക്കാട്ടുകുളങ്ങര സബ് സെൻററിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, പാർട്ട് ടൈം സ്വീപ്പർ എന്നീ തസ്തികകളിൽ രണ്ടു ജീവനക്കാർ വീതമാണ് ജോലി ചെയ്യുന്നത്. എന്നാൽ, ആദിക്കാട്ടുകുളങ്ങര- എരുമക്കുഴിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് സെൻററും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശോച്യാവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. സബ് സെൻററിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണ്.
ഇടുങ്ങിയ മുറിയായതിനാൽ കന്നുകാലികൾക്ക് വേണ്ടിയുള്ള മരുന്നുകൾ സൂക്ഷിക്കുന്നതിനും, റെക്കോഡുകൾ സൂക്ഷിക്കുന്നതിന് പോലും കഴിയാത്ത അവസ്ഥയിലാണ്. എല്ലാ മാസവും പാർട്ട് ടൈം ജീവനക്കാരിയുടെ ശമ്പളത്തിൽ നിന്നും പണം നൽകിയാണ് ഈ കെട്ടിടത്തിന് വാടക ഇനത്തിൽ നൽകുന്നത്.
പല പ്രദേശങ്ങളിലും ക്ഷീരസംഘങ്ങൾ ഏറ്റെടുത്താണ് സബ് സെൻററുകൾ പ്രവർത്തിക്കുന്നത്. അതിനാൽ കെട്ടിട വാടക ക്ഷീരസംഘങ്ങൾ നൽകുകയാണ് ചെയ്യുന്നത്. സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന ആദിക്കാട്ടുകുളങ്ങര സബ് സെൻററിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും, ബാത്ത്റൂം സൗകര്യങ്ങൾ ഇല്ലാത്തതും ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിലേക്ക് സബ്സെന്ററുകൾ മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.