ആലപ്പുഴ മെഡിക്കൽ കോളജില്‍ ലാപ്രോസ്കോപിക്ക് ശസ്ത്രക്രിയ വിജയം
text_fieldsഅമ്പലപ്പുഴ: ഗർഭാശയ കാൻസർ ബാധിച്ച വീട്ടമ്മക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ലാപ്രോസ്കോപിക്ക് ശസ്ത്രക്രിയ വിജയം. ശാസ്താംകോട്ട ചക്കുവെളി സ്വദേശിയായ 52കാരിയെയാണ് ആധുനിക ത്രി-ഡി (3-D) ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.
3 - ഡി വിഷൻ ഇഫക്ട് ആയതിനാൽ ആന്തരികാവയവങ്ങളെ വ്യക്തമായിക്കണ്ട് ആവശ്യത്തിന് ബയോപ്സി എടുക്കാനും രോഗവ്യാപ്തി കൃത്യമായി തിരിച്ചറിയാനുമാകും. ഇത്തരത്തിൽ കാൻസർ രോഗം ബാധിച്ച ഗർഭാശയം മുഴുവനായി നീക്കം ചെയ്യുകയായിരുന്നു ഗൈനക്കോളജി വിഭാഗം പ്രഫ. ഡോ. ജയശ്രീ വാമന്റെ നേതൃത്വത്തിലുള്ള സംഘം.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായാണ് ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തുന്നത്. മുറിവിന്റെ വ്യാപ്തി കുറയുമെന്നതും രോഗിക്ക് അധിക വേദന ഉണ്ടാകില്ലെന്നതുമാണ് നേട്ടം. അതിനാൽ ഏറെനാൾ ആശുപത്രിയിൽ കഴിയേണ്ടതുമില്ല. സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞത് അഞ്ച് ലക്ഷം വരെ ചെലവു വരുന്ന ശസ്ത്രക്രിയ സൗജന്യമായാണ് ചെയ്തത്.
രണ്ട് മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയയിൽ ഡോക്ടർമാരായ അജിത രവീന്ദ്രൻ, ശിൽപ നായർ, പി.എസ്. ദീപ്തി, മെഡിക്കൽ വിദ്യാർഥികളായ ജീൻ, ആമിന, രേഷ്മ, അനസ്തേഷ്യാ വിഭാഗം ഡോക്ടർമാരായ സന്ന ആർ.ചന്ദ്രൻ, സഞ്ജിത്ത് തോമസ്, എസ്. ആർ. ജസീല, ഐ.ആർ. രേണുക, നഴ്സുമാരായ പി.എസ്. ധന്യ, സിമി ആന്റണി എന്നിവരും പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.