ചൂട് അതികഠിനം; വെന്തുരുകി ആലപ്പുഴ
text_fieldsആലപ്പുഴ: ആലപ്പുഴയിൽ ചുട്ടുപൊള്ളുന്ന ചൂട്. ചൊവ്വാഴ്ച ജില്ലയിൽ 35.7 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ചേർത്തല- 35.7, കരുമാടി- 34.9, തൈക്കാട്ടുശ്ശേരി- 36.8, അമ്പലപ്പുഴ- 35, ആര്യാട്- 35, ഭരണിക്കാട്- 35, ചമ്പക്കുളം- 35, ചെങ്ങന്നൂർ- 35, ഹരിപ്പാട്- 35, കഞ്ഞിക്കുഴി- 35, മാവേലിക്കര- 35, മുതുകുളം- 35 പട്ടണക്കാട്- 35, വെളിയനാട്- 35 എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ ശരാശരി അനുഭവപ്പെടേണ്ട ചൂട് 33.5 ഡിഗ്രി സെൽഷ്യസാണ്. വരുംദിവസങ്ങളിലും താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കനത്തചൂടിനൊപ്പം വേനൽമഴ കിട്ടാത്തതും പ്രശ്നമാണ്. ഫെബ്രുവരിയുടെ തുടക്കത്തിൽതന്നെ മാർച്ചിൽ ഉണ്ടാകാറുള്ള ചൂടാണ് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിൽ താപനില ഉയരാനാണ് സാധ്യത. രാവിലത്തെ തണുപ്പും ഉച്ചത്തെ ഉയർന്ന ചൂടും ആരോഗ്യത്തെയും ബാധിക്കും.
ജനുവരി മുതൽ കിട്ടേണ്ട സാധാരണ മഴപോലും ലഭിച്ചിട്ടില്ല. ഫെബ്രുവരി അഞ്ച് വരെയുള്ള കണക്കനുസരിച്ച് 16 ശതമാനം മഴയുടെ കുറവുണ്ട്. സാധാരണ ലഭിക്കേണ്ടത് 34.6 മില്ലീമീറ്റർ മഴയാണ്. ചൂട് കനത്തതോടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. വീട്ടിലും പുറത്തും കടക്കാനാവാത്തവിധം താപനില ഉയർന്നതോടെ പുറംജോലികളിൽ ഏർപ്പെട്ടവരും ദുരിതത്തിലാണ്.
1987ഏപ്രിൽ ഒന്നിനാണ് ആലപ്പുഴയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. 38.2 എന്നത് റെക്കോഡായിരുന്നു. നിർജലീകരണം, വിശപ്പ് കുറയൽ, ശാരീരിക പ്രവർത്തനങ്ങളുടെ മന്ദത എന്നിവക്ക് വേനൽ കാരണമാകും. ഇതിനൊപ്പം ചർമരോഗങ്ങളും വർധിക്കും. മനുഷ്യരെ മാത്രമല്ല, കൃഷിയെയും മൃഗങ്ങളെയും ചൂട് തളർത്തും. കനത്തചൂടിൽ ജലദൗർലഭ്യമാണ് കൃഷിയെ ബാധിക്കുന്നത്.
വേണം മുൻകരുതൽ
1. വെള്ളം ധാരാളം കുടിക്കുക
2. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് വെയിലേൽക്കരുത്
3. നേർത്തതും ഇളം നിറത്തിലെയും കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
4. വെയിലത്ത് അനാവശ്യമായി പുറത്തിറങ്ങരുത്
5. ഗർഭിണികൾ, മുതിർന്നവർ, പുറത്ത് ജോലി ചെയ്യുന്നവർ, ഹൃദ്രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം
6. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
7. പുറത്തിറങ്ങുമ്പോൾ കുട ചൂടുകയും തൊപ്പി ധരിക്കുകയും ചെയ്യുക
8. യാത്രാവേളയിൽ ശുദ്ധജലം കരുതുക
9. വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.