വെയിലിൽ തളർന്ന് വളർത്തുമൃഗങ്ങൾ
text_fieldsആലപ്പുഴ: വേനൽ കടുത്തതോടെ മൃഗങ്ങളും വലയുന്നു. ഉയർന്ന അന്തരീക്ഷ താപനിലയും നിർജലീകരണവും മൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. കാലികളിലെ ചർമമുഴ രോഗത്തിനെതിരെ പ്രതിരോധ നടപടികൾ കൈക്കൊണ്ടു വരുന്നതിനിടെയാണ് ചൂടും കുതിച്ചുയർന്നത്.
ഫാമുകളിലെ കന്നുകാലികളെക്കാൾ വേനൽച്ചൂട് പ്രതികൂലമായി ബാധിക്കുന്നത് പുറത്ത് മേയാൻ വിടുന്നവയെയാണ്. മൃഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ കുറവായതിനാൽ ശരീരം വേഗത്തിൽ ചൂടാകും. ശ്വസനനിരക്കും വർധിക്കും. ചൂട് കനക്കുമ്പോൾ പാൽ ഉൽപാദനവും ഗണ്യമായി കുറയും. ഇതോടെ ക്ഷീരകർഷകരുടെ വരുമാനവും ഇടിയും. അന്തരീക്ഷ ഊഷ്മാവ് വർധിക്കുമ്പോൾ കാലികൾക്ക് ഭക്ഷണമെടുക്കാനുള്ള താൽപര്യം കുറയുന്നതും പാലിന്റെ അളവിനെ ബാധിക്കും. ചർമമുഴ പടരുന്നതിനാൽ പുറത്ത് മേയാൻ വിടുന്നത് രോഗ വ്യാപനം കൂടാനും കാരണമാകുന്നുണ്ട്.
പച്ചവെള്ളം പരമാവധി നൽകുകയാണ് ചൂടിനെ തടുക്കാൻ സ്വീകരിക്കാവുന്ന മുൻകരുതൽ. പച്ചപ്പുല്ല് ധാരാളം നൽകുകയാണ് മറ്റൊരു മാർഗം. രാവിലെ 10നുശേഷം തുറസ്സായ സ്ഥലത്തേക്ക് വിടരുത്. തൊഴുത്തിൽ കാറ്റ് ധാരാളം കയറാൻ സംവിധാനം വേണം.ഇടക്കിടെ ശരീരത്തിൽ വെള്ളമൊഴിച്ച് തണുപ്പിക്കണം. ആലപ്പുഴയിൽ ബുധനാഴ്ചത്തെ താപനില 34 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. വീട്ടിലെ മറ്റ് വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യത്തിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ദേശാടനപ്പക്ഷികൾ വൈറസ് ബാധയുമായി പുറംനാടുകളിൽനിന്ന് എത്തിയേക്കാം. വേനലിൽ കോഴി, താറാവ് തുടങ്ങിയവക്ക് വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണ്.
ജില്ലയിൽ കന്നുകാലികളിൽ ചർമമുഴ വ്യാപകമായതോടെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതായി ജില്ല മൃഗസംരക്ഷണ ഓഫിസറുടെ ചുമതലയുള്ള ഡോ.എസ്.വിനയകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.