വേനൽമഴ 1300 ഹെക്ടറിൽ നെൽകൃഷി നശിച്ചു; കാർഷിക മേഖല തകർന്നു
text_fieldsആലപ്പുഴ: വേനൽമഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ വ്യാപക കൃഷിനാശം. നെൽകൃഷിക്കാണ് ഏറെ നാശം നേരിട്ടത്. രാമങ്കരി, മങ്കൊമ്പ് ബ്ലോക്ക്, ചമ്പക്കുളം, അമ്പലപ്പുഴ, തകഴി, എടത്വ മേഖലയിലെ 1300 ഹെക്ടറിലെ നെൽച്ചെടി നിലംപൊത്തിയെന്നാണ് കൃഷിവകുപ്പിന്‍റെ പ്രാഥമിക കണക്ക്. കൃത്യമായ നാശനഷ്ടം കണക്കാക്കിയിട്ടില്ല. മഴമാറിയാൽ കൊയ്തെടുക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ. കൊയ്ത്തിന് പാകമായ മിക്ക പാടങ്ങളും വെള്ളത്തിലായി. ഇതുമൂലം കൊയ്ത്തുയന്ത്രങ്ങൾ ഇറക്കാനാവാത്ത സ്ഥിതിയുണ്ട്. വിവിധയിനം പച്ചക്കറിയും വാഴകൃഷിയും ഉൾപ്പെടെ മറ്റ് കൃഷിനാശവുമുണ്ട്.
കുട്ടനാട്ടിൽ രാമങ്കരി, വെളിയനാട് പഞ്ചായത്ത് പരിധികളിലാണ് ഏറ്റവും കൂടുതല്‍ നെല്‍ച്ചെടി വീണത്. രാമങ്കരിയിൽ 232.17 ഹെക്ടറും വെളിയനാട് 650 ഹെക്ടറുമാണ് നിലംപൊത്തിയത്. കാവാലം, കുന്നുമ്മ, കൈനകരി നോർത്ത് എന്നിവിടങ്ങളിലും നാശമുണ്ട്. അപ്പർ കുട്ടനാട് മേഖലകളായ നൂറനാട്, എടത്വ, തലവടി, പുലിയൂർ, മുട്ടാര്‍, എണ്ണക്കാട്, വെണ്മണി എന്നിവിടങ്ങളിലും വ്യാപകമായി നെല്‍ച്ചെടി വീണു.
ജില്ലയുടെ പല ഭാഗങ്ങളിൽ വാഴകൃഷിയും വ്യാപകമായി നശിച്ചു. ആകെ 909.61 ഹെക്ടറിൽ വാഴകൃഷി നശിച്ചു. ഇതില്‍ 586.21 ഹെക്ടര്‍ കുലച്ചതും 323.4 ഹെക്ടര്‍ കുലക്കാത്തതുമാണ്. 27 ഹെക്ടറില്‍ പച്ചക്കറികൃഷിയും നശിച്ചു. ഇവയില്‍ പന്തലിട്ട് വളര്‍ത്തുന്നവയും അല്ലാത്തവയുമുണ്ട്. ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നതിനാൽ വിളവെടുപ്പിന് പാകമായ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. കനത്തമഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവുമാണ് കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും ജലനിരപ്പ് ഉയർന്നത്. വരും ദിവസങ്ങളിൽ മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടി.
അപ്പർ കുട്ടനാട്, കുട്ടനാട് മേഖലയിൽ പാടത്ത് കൊയ്ത് കൂട്ടിയിട്ട നെല്ലും വെള്ളത്തിലായി. എടത്വ കിളിയംവേലി, ചിറക്കകം, വൈപ്പിശ്ശേരി, വൈപ്പിശ്ശേരി-500, പുറക്കരി, പാട്ടത്തിവരമ്പിനകം, എരവുകരി, വടക്ക്, തായങ്കരി പുത്തൻവരമ്പിനകം, തകഴി തുണ്ടത്തിൽ തെക്കേതിൽ, മാവലാക്കൽ പടിഞ്ഞാറ്, തകഴിഭാഗം കിഴക്ക്, മുട്ടാർ കുഴിയനടി, ചേരിക്കലകം, അമ്പലം പാടം, ഗരുഡാകരി തുടങ്ങി നിരവധി പാടശേഖരങ്ങളാണ് വെള്ളത്തിലായത്. ജലനിരപ്പ് ഉയർന്നതോടെ വെള്ളം വറ്റിക്കാൻ കഴിയാത്ത അവസ്ഥയാണ്.
നെല്ല് വെള്ളത്തിൽ; ദുരിതത്തിൽ മുങ്ങി കർഷകർ
എടത്വ: വേനൽമഴ ശക്തിപ്രാപിച്ചതോടെ കർഷകരുടെ സ്വപ്നം വെള്ളത്തിലായി. കനത്തമഴയിലും കാറ്റിലും വിളവെടുത്ത നെല്ലും വിളവെത്തിയ നെൽകൃഷിയുമാണ് വെള്ളത്തിൽ മുങ്ങിയത്. മണിക്കൂറുകൾ നീണ്ട മഴയിൽ പാടശേഖരത്തിൽ കൂട്ടിയിട്ട നെല്ലാണ് ജലമെടുത്തത്. മുട്ടറ്റം വെള്ളത്തിലായതോടെ കൊയ്ത്തുയന്ത്രവും നോക്കുകുത്തിയായി. ഇതോടെ, പലയിടത്തും സംഭരണവും നടന്നില്ല.
പകൽ വെയിലിൽ പടുത ഉപയോഗിച്ച് മൂടിയിരുന്ന നെല്ല് ചാക്കിലാക്കി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. മഴ നനഞ്ഞ നെല്ലുണക്കി നൽകുമ്പോൾ കർഷകന് കനത്ത നഷ്ടം നേരിടും. വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. പലയിടത്തും നെല്ലിന് മുകളിൽ വെള്ളമുണ്ട്. വൈദ്യുതിബന്ധം തകരാറിലായതോടെ മോട്ടോർ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്.
കാറ്റിൽ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ലൈനിലേക്കും ട്രാൻസ്ഫോർമറുകളിലേക്കും മരം ഒടിഞ്ഞുവീണാണ് വൈദ്യുതിബന്ധം നിലച്ചത്. കഴിഞ്ഞവർഷത്തെ പുഞ്ചകൃഷിയിലും മഴയിൽ കർഷകർക്ക് നഷ്ടം നേരിടേണ്ടിവന്നു. കഴിഞ്ഞ സീസണിൽ ആറ് കിലോവരെ ഈർപ്പത്തിന്റെ പേരിൽ പിടിച്ചിരുന്നു. മഴയിൽ കുതിർന്ന നെല്ലിന്‍റെ ഈർപ്പത്തിന്‍റെ പേരിൽ ഇക്കുറിയും കിഴവ് നൽകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.