കുടുംബശ്രീയുടെ പിന്തുണ; കളപ്പുരക്കൽ കുടുംബത്തിന്റെ അച്ചാർ ഹിറ്റ്
text_fieldsതുറവൂർ: നല്ലെണ്ണയിൽ വഴറ്റിയെടുക്കുന്ന നാരങ്ങയും മാങ്ങയും മറ്റും ചേരുവകൾ പാകത്തിന് ചേർത്ത് വെടിപ്പോടെ തയാറാക്കിയെടുത്താൽ അച്ചാറിന് ആവശ്യക്കാരേറെ ഉണ്ടാകുമെന്നായിരുന്നു കളപ്പുരക്കൽ വീട്ടുകാർ കരുതിയത്. വ്യവസായിക അടിസ്ഥാനത്തിൽ ഉപ്പിലിട്ടത് പാചകം ചെയ്തുകച്ചവടം ചെയ്യാമെന്നും വിചാരിച്ചു. ഭരണികളിൽ അച്ചാറുകൾ നിറച്ചുവെച്ചപ്പോൾ ആവശ്യക്കാർ എത്തുമെന്ന് കരുതിയെങ്കിലും പണി പാളി.
വൃത്തിയായി രുചിയോടെ അച്ചാർ പാചകം ചെയ്യുന്ന ഒന്നാംഘട്ടം വിജയമായിരുന്നു. വ്യവസായത്തിന്റെ രണ്ടാംഘട്ടമായ വിപണനത്തിലാണ് പാളിയത്. മാർക്കറ്റിങ് വിജയിച്ചില്ല. രുചിയോടെ വൃത്തിയോടെ മേൽത്തരം സാധനങ്ങൾ ഉപയോഗിച്ച് നിർമിച്ചാൽ മാത്രം പോരാ. ഉൽപന്നം വിൽക്കണമെങ്കിൽ മാർക്കറ്റിങ് തന്ത്രം കൂടി അറിയണമെന്ന പാഠം മനസ്സിലായി. ഇവിടെയാണ് കുടുംബശ്രീ സഹായത്തിന് എത്തിയത്.
2016ൽ അച്ചാറിന്റെ വിപണനം തുടങ്ങിയെങ്കിലും കുടുംബശ്രീയുടെ സഹായത്തോടെ ഉൽപാദനവും വിപണനവും ആരംഭിക്കുന്നത് 2017ലാണ്. കുടുംബശ്രീയുടെ സഹായത്തോടെ നിരവധി മേളകളിൽ പങ്കെടുക്കാൻ കഴിഞ്ഞതോടെ ഉൽപന്നത്തിന് പ്രചാരം കൂടി. ആവശ്യക്കാരുമേറി. കെ.സി ഫുഡ്സിന്റെ അച്ചാറിന്റെ രുചി കടലുകളും കടന്നു. മാങ്ങ, നാരങ്ങ, വെളുത്തുള്ളി, ഈന്തപ്പഴം, ചെമ്മീൻ, മീൻ, കല്ലുമ്മക്കായ, കൂന്തൽ, ബീഫ് തുടങ്ങി നിരവധി വിഭവങ്ങൾ അച്ചാറുകളായി.
400 ഗ്രാമിന്റെ ഭരണികളിലാണ് ഇപ്പോൾ പാക്ക് ചെയ്യുന്നത്. സൂപ്പർമാർക്കറ്റുകളിലും ആവശ്യപ്പെടുന്ന പല കടകളിലും നൽകുന്നുണ്ട്. വീട്ടമ്മ ആശയുടെ നേതൃത്വത്തിലാണ് അച്ചാറുകൾ ഉണ്ടാക്കുന്നത്. കെ.സി ഫുഡ്സിന്റെ എല്ലാ പ്രവർത്തനങ്ങളിലും അച്ഛൻ ചന്ദ്രപ്പനും ഭർത്താവ് പ്രശാന്തും കൂട്ടിനുണ്ടെന്ന് ആശ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.