ആലപ്പുഴ ബൈപാസില്‍ നിരീക്ഷണ കാമറ; നടപടികള്‍ വേഗത്തിലാക്കും
text_fieldsആലപ്പുഴ: ആലപ്പുഴ ബൈപാസില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ല വികസന സമിതി യോഗം തീരുമാനിച്ചു.
അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അമിതവേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്തുന്നതിന് കാമറകള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. എച്ച്. സലാം എം.എല്‍.എയാണ് വിഷയം അവതരിപ്പിച്ചത്.
സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുന്നതും ബസ്സ്റ്റോപ്പുകള്‍ പുനഃക്രമീകരിക്കുന്നതും ഉള്‍പ്പെടെ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ല ഭരണകൂടം കഴിഞ്ഞദിവസം ദേശീയപാത വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഫലപ്രദമായ നിരീക്ഷണ സംവിധാനംകൂടി സജ്ജമായാലേ അപകടങ്ങള്‍ കുറക്കാന്‍ കഴിയൂ. കാമറകള്‍ സ്ഥാപിക്കാൻ വേണ്ടിവരുന്ന തുക എം.പിയുടെയും എം.എല്‍.എയുടെയും ഫണ്ടിൽനിന്ന് ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും യോഗം തീരുമാനിച്ചു.
ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ കടൽക്ഷോഭ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ടെട്രാപോഡ് സംരക്ഷണം ഉറപ്പാക്കാന്‍ നടപടി വേണമെന്ന് എ.എം. ആരിഫ് എം.പി നിര്‍ദേശിച്ചു. ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ജില്ലയില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
അരൂര്‍ മേഖലയില്‍ റോഡുകളുടെ നിര്‍മാണ-നവീകരണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദലീമ ജോജോ എം.എല്‍.എ നിര്‍ദേശിച്ചു. പള്ളിത്തോട് ചാപ്പക്കടവ്, ഉളവയ്പ് മേഖലകളില്‍ കുടിവെള്ള വിതരണം മുടങ്ങുന്നത് സംബന്ധിച്ച പരാതി പരിഹരിക്കണം.
കാക്കത്തുരുത്ത് ദ്വീപ് ഉൾപ്പെടെ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കുട്ടനാട് മണ്ഡലത്തിലെ പാടശേഖരങ്ങളുടെ പുറം ബണ്ട് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് തോമസ് കെ. തോമസ് എം.എല്‍.എ നിര്‍ദേശിച്ചു.
ബണ്ട് നിര്‍മാണത്തിന് മുന്നോടിയായി പ്രദേശവാസികളുടെ അഭിപ്രായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടനാട് സമഗ്ര കുടിവെള്ള പാക്കേജ് നടത്തിപ്പുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയാറായിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ക്ഷീരഗ്രാമത്തിന്റെ ഭാഗമായി തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഡെയറി യൂനിറ്റുകള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നടപ്പാക്കാൻ 50 ലക്ഷം രൂപ ധനസഹായമായി ക്ഷീരകര്‍ഷകര്‍ക്ക് അനുവദിക്കുമെന്ന് ജില്ല ക്ഷീരവികസന ഓഫിസര്‍ അറിയിച്ചു.
പാലമേല്‍ പഞ്ചായത്തിലെ നാല് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ളലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കലക്ടര്‍ എ. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ എസ്. സത്യപ്രകാശ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.