അപകട യാത്രക്ക് അധികാരികളുടെ ശാശ്വത പരിഹാരം; യാത്ര നിരോധിച്ചു; തൂക്കുപാലം നോക്കുകുത്തി
text_fieldsആറാട്ടുപുഴ: പല്ലന കെ.വി. ജെട്ടി തൂക്കുപാലത്തിലെ അപകടം നിറഞ്ഞ യാത്രക്ക് ഒടുവിൽ പഞ്ചായത്ത് അധികാരികൾ ശാശ്വത ‘പരിഹാരം’ കണ്ടു. പാലം പണി തീർത്തുകൊണ്ടല്ല, യാത്ര തടഞ്ഞുകൊണ്ടാണെന്ന് മാത്രം.
തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരുന്ന കെ.വി. ജെട്ടിയിലെ തൂക്കുപാലം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഓരോരോ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പഞ്ചായത്ത് അധികൃതർ.
അധികാരികളുടെ അനാസ്ഥമൂലം തുരുമ്പെടുത്ത് പാലം നശിക്കുകയും ഇതിലൂടെയുള്ള യാത്ര അപകടകരമാകുകയും ചെയ്തു. കുട്ടികളടക്കം അപകടത്തിൽപെട്ട സാഹചര്യത്തിൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വീണ്ടും രംഗത്ത് വന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ. ഇതോടെ ഒരു പതിറ്റാണ്ടുപോലും ഉപകാരപ്പെടാതെ തൂക്കുപാലം നോക്കുകുത്തിയായി.
തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പല്ലന കെ.വി. ജെട്ടി കടവിന് കുറുകെ 2014 ജൂണിലാണ് തൂക്കുപാലം നിർമിച്ചത്. ഉരുക്ക് വടങ്ങളിൽ തൂങ്ങിക്കിടക്കുന്ന ഇരുമ്പ് പാലത്തിന് 73 മീറ്റർ നീളവും 1.2 മീറ്റർ വീതിയുമുണ്ട്. ജലനിരപ്പിൽനിന്ന് ഏഴരമീറ്റർ ഉയർന്നാണ് പാലം. സ്കൂൾ കുട്ടികളടക്കം ‘അപകട’ യാത്ര ഇഷ്ടപ്പെടുന്നവരാണ് കഴിഞ്ഞ കുറേ മാസങ്ങളായി പാലത്തിലൂടെ സഞ്ചരിച്ചിരുന്നത്.
പാലത്തിന്റെ നടപ്പാത തുരുമ്പെടുത്ത് ദുർബലമായി. ഷീറ്റുകൾ വിള്ളൽ വീണ് ഏതുനിമിഷവും നിലം പതിക്കാമെന്ന അവസ്ഥയിലാണ്. പാലത്തിന്റെ ചവിട്ടുപടികൾ പൂർണമായും നശിച്ചു. വലിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. കൈവരികളും തകർന്നു.
കാലാകാലങ്ങളിൽ ഇരുമ്പുവടം മുറുക്കി കൊടുക്കണമെന്നാണ് വ്യവസ്ഥ. നിർമാണം പൂർത്തിയായി ഒമ്പത് വർഷം കഴിഞ്ഞിട്ടും അത് നടന്നിട്ടില്ല. അതുകൊണ്ട് തന്നെ യാത്രചെയ്യുമ്പോൾ പാലം ഭീതിപ്പെടുത്തുന്ന രീതിയിൽ ആടിയുലയും.
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയായിരുന്നു നിർമാണ ജോലികൾ നടത്തിയത്. ഗതാഗതം നിരോധിച്ച് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിദ്യാർഥികൾ മുന്നറിയിപ്പ് വകവെക്കാതെ സൈക്കിളുകളുമായി മറുകര കടക്കുന്നുണ്ട്. പാലം അപകടാവസ്ഥയിൽ ആയതോടെ മറുകര കടക്കാൻ കടത്തുവള്ളത്തെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ, രാത്രി കടത്ത് വള്ളമുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.