കാറിൽ നീന്തൽകുളം; യു ട്യൂബർക്കെതിരെ നടപടി കർശനമാക്കും -എം.വി.ഡി
text_fieldsആലപ്പുഴ: കാർ നീന്തൽകുളമാക്കിയ യുട്യൂബർ സഞ്ജു ടെക്കിക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി കർശനമാക്കും. സംഭവത്തിൽ ഹൈകോടതിയും വകുപ്പ് മന്ത്രിയും ഇടപെട്ടതിന് പിന്നാലെയാണിത്. കാറിൽ നീന്തൽകുളം ഒരുക്കി യാത്രനടത്തിയ കലവൂർ സ്വദേശിയും വ്ളോഗറുമായ ടി.എസ്. സഞ്ജു (സഞ്ജു ടെക്കി-28) സാമ്പത്തികനേട്ടത്തിനായി ഗതാഗത നിയമം കാറ്റിൽ പറത്തിയെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ നിയമലംഘനം നടത്തുന്ന വീഡിയോ പ്രചരിപ്പിക്കുന്നത് തടയുമെന്ന് കാണിച്ച് യുട്യൂബിന് കത്ത് നൽകുമെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ആർ. രമണൻ പറഞ്ഞു.
സാമ്പത്തിക നേട്ടത്തിനായി വ്ളോഗർമാർ മോട്ടോർ വാഹനനിയമം കാറ്റിൽപ്പറത്തി ധാരാളം വീഡിയോകൾ യൂട്യൂബിൽ അപ് ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ അംഗികരിക്കാനാവില്ല. എം.വി.ഡി കാരണം കാണിക്കൽ നോട്ടിസ് നൽകിയതിന് പിന്നാലെ സഞ്ജു തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫിസിൽ ഹാജരായി. കേസിൽ അഭിഭാഷകൻ മുഖേന നിയമസഹായംതേടാൻ സാവകാശം വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. നോട്ടിസിന് മറുപടി നൽകാനുള്ള അവസാന ദിവസം ബുധനാഴ്ചയാണ്. ഇതിന് ശേഷം കൂടുതൽ നടപടിയെടുക്കും.
സഞ്ജുവും സുഹൃത്തുക്കളും ചേർന്ന് കാറിനുള്ളില്‍ കുളമൊരുക്കി ഉല്ലസിച്ച് സഞ്ചരിക്കുന്ന വീഡിയോയാണ് യുട്യൂബിൽ അപ്ലോഡ് ചെയ്തത്. സീറ്റഴിച്ച് പടുത (ടാര്‍പോളിന്‍) വിരിച്ചാണ് വെള്ളംനിറച്ചത്. തുടര്‍ന്ന് കുളിച്ചും കരിക്കു കുടിച്ചും ആഘോഷിച്ചായിരുന്നു യാത്ര. ഇതേതുടര്‍ന്നാണ് അപകടകരമായ ഡ്രൈവിങ്, സുരക്ഷിതമല്ലാത്ത വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു.
ശിക്ഷാനടപടിയുടെ ഭാഗമായി മലപ്പുറം എടപ്പാളിലെ കേന്ദ്രത്തിൽ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും ആലപ്പുഴ മെഡിക്കൽ കോളജിൽ അപകടത്തിൽപെട്ട് കഴിയുന്നവർക്ക് സേവനം നൽകാനും നിർദേശിച്ചിരുന്നു. സംഘം എടപ്പാളിലെ പരിശീലനം പൂർത്തിയാക്കിയിരുന്നു. ഇതിനിടെ, എം.വി.ഡിയുടെ നടപടിയെ നിസാരവത്കരിച്ചും പരിഹസിച്ചും വീഡിയോയും പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ നിയമലംഘനം നടത്തിയ കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനമോടിച്ചാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. മോട്ടോർ വാഹനവകുപ്പ് കേസെടുത്ത വാർത്തയിലൂടെ തനിക്കും ചാനലിലും വലിയ റീച്ച് കിട്ടിയെന്ന സഞ്ജുവിന്റെ അവകാശവാദത്തിന് പിന്നാലെ ഹൈകോടതിയും വകുപ്പ് മന്ത്രിയും വിഷയത്തിൽ ഇടപെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.