ആലപ്പുഴയുടെ താജ്മഹൽ
text_fieldsആലപ്പുഴ: ആലപ്പുഴക്കുമുണ്ടൊരു താജ്മഹൽ. പ്രിയതമന്റെ സ്നേഹ സ്മാരകമായി അണിയിച്ചൊരുക്കിയ ഒരു കാഴ്ചബംഗ്ലാവാണത്. കൗതുകക്കാഴ്ചകളുടെ പറുദീസയാണിവിടം. സംസ്ഥാനത്തെ ഒന്നാംനിര കയർ വ്യവസായിയായിരുന്ന രവി കരുണാകരന്റെ ഓർമക്കായി ഭാര്യ ബെറ്റി കരുണാകരൻ പണിതൊരുക്കിയ രവി കരുണാകരൻ മെമ്മോറിയൽ മ്യൂസിയം അപൂർവ ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും സഞ്ചയമാണ്. പൗരാണികവും സമകാലികവുമായ ഒരായിരം കൗതുകങ്ങളാണ് ഇവിടെ നിരന്നിരിക്കുന്നത്. സ്വർണം പൂശിയ പാത്രങ്ങൾ മുതൽ ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങളുടെ വരെ ശേഖരം. തഞ്ചാവൂർ ചിത്രങ്ങൾ മുതൽ കേരളീയ ചുവർചിത്രങ്ങളുടെ വരെ നീണ്ടനിര വേറെ. പാശ്ചാത്യവും പൗരസ്ത്യവുമായ കരവിരുതുകളിൽ വിരിഞ്ഞ കാഴ്ചവസ്തുക്കളുടെ സമ്മേളനമാണ് ഒരുക്കിയിരിക്കുന്നത്.
രവി കരുണാകരന്റെ 21ാം ചരമദിനമാണ് തിങ്കളാഴ്ച. പവർഹൗസ് പാലത്തിന് സമീപത്തായാണ് ഈ സ്നേഹകുടീരം നിലകൊള്ളുന്നത്. സംസ്ഥാനത്തെ അപൂർവം സ്വകാര്യ മ്യൂസിയങ്ങളിലൊന്നാണിത്. രണ്ട് നിലകളിലായി 30,000 ചതുരശ്രയടി കെട്ടിടത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കാഴ്ചവസ്തുക്കൾ നിരത്തിവെച്ചിരിക്കുന്നത്. ഇതിന് കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ മ്യൂസിയമെന്ന പദവിയുമുണ്ട്. പ്രിയപ്പെട്ട ഒരാൾക്കായി ഇങ്ങനെയൊരു സ്മൃതിപർവം കേരളത്തിൽ വേറെയില്ല. രാജ്യാന്തര ട്രാവൽ പ്ലാറ്റ്ഫോമായ ട്രിപ് അഡ്വൈസറിന്റെ 2020ലെ ട്രാവലേഴ്സ് ചോയ്സിൽ കേരളത്തിൽ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നായാണ് മ്യൂസിയത്തെ പരാമർശിച്ചിട്ടുള്ളത്. രവി കരുണാകരന്റെ പിതാവും കയർ വ്യവസായിയുമായിരുന്ന കെ.സി. കരുണാകരനും മാതാവ് ജർമൻ സ്വദേശിനി മാർഗരറ്റും അവരുടെ യാത്രകളിൽ വിദേശരാജ്യങ്ങളിൽനിന്നു ശേഖരിച്ചവയും പിന്നീട് രവി കരുണാകരനും ബെറ്റിയും കൊണ്ടുവന്നവയുമടക്കമുള്ളവയാണ് ഇവിടത്തെ ശേഖരം.
ആദ്യ കാഴ്ച 1947 മോഡൽ ബ്യൂക് സൂപ്പർ കാറാണ്. ഇന്നും അതിന്റെ പ്രൗഢി കണ്ടാൽ ചുറ്റിപ്പറ്റി കുറെനേരം നിന്നുപോകും. പുരാതനമായ തഞ്ചാവൂർ ചിത്രങ്ങളുടെ ശേഖരവും ഏറെയുണ്ട്. ആനക്കൊമ്പിൽ നിർമിച്ച ശിൽപങ്ങളുടെ വിപുല ശേഖരമാണ് അടുത്ത ആകർഷണം. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങൾ, ഗണപതി, കൃഷ്ണൻ തുടങ്ങിയ ദേവവന്മാരുടെ രൂപങ്ങൾ ഒറ്റകൊമ്പിലും അല്ലാതെയും പണിതൊരുക്കിവെച്ചിരിക്കുന്നു. വർഷങ്ങളുടെ പഴക്കമുള്ള അവ സർക്കാർ അനുമതിയോടെയാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്.
24 കാരറ്റ് സ്വർണലേഖനം ചെയ്ത ടീ സെറ്റ്, ചൈനീസ് ഡ്രസിങ് ടേബിൾ, നൂറ്റാണ്ട് പഴക്കമുള്ള മെയ്സൻ ശിൽപങ്ങൾ, സ്വറോസ്കി ക്രിസ്റ്റൽ ശിൽപങ്ങളുടെ പ്രത്യേക പതിപ്പുകൾ, പാപുവ ന്യൂഗിനിയിലെ പരമ്പരാഗത പ്രതിമ, സാർ കുടുംബത്തിന്റെ പോഴ്സലൈൻ ചിത്രം, 200 ചതുരശ്രയടിയിൽ ചുവർചിത്രമായി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം അങ്ങനെ നീളുന്നു കാഴ്ചകൾ.
കേരളക്കരയുടെ പൈതൃക കാഴ്ചകൾ ‘കേരള മുറി’യിൽ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. പഴയകാലത്തെ തടിയിൽ പണിത വീടിന്റെ അറയും പുരയും മണിച്ചിത്രത്താഴുമൊക്കെ അതേപടി വെച്ചിട്ടുണ്ട്. പഴയ കാലത്ത് കേരളീയ വീടുകളിൽ ഉണ്ടായിരുന്ന ഉപകരണങ്ങൾ, വസ്ത്രങ്ങൾ, അടുക്കള സാധനങ്ങൾ എന്നിവയും ശേഖരത്തിലുണ്ട്.
ഇവിടേക്ക് എത്തുന്നത് ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നുമുള്ളവരാണ്. അവർക്കെല്ലാം രവി കരുണാകരൻ മ്യൂസിയത്തെക്കുറിച്ച് അറിയാം. നാട്ടുകാരിൽ ഇതിന്റെ മഹത്വം അറിയുന്നവർ ചുരുക്കമാണെന്ന് ഇവിടത്തെ ഗൈഡുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.