ടാങ്കറുകളുടെ സമരം 10 ദിവസം പിന്നിട്ടു; ആലപ്പുഴയിൽ ദ്രവമാലിന്യ നീക്ക പ്രതിസന്ധി തുടരുന്നു
text_fieldsആലപ്പുഴ: ശുചിമുറികളിലേതടക്കം ദ്രവമാലിന്യം നീക്കം ചെയ്യുന്ന ടാങ്കറുകളുടെ സമരം 10 ദിവസം പിന്നിട്ടതോടെ സ്ഥിതി രൂക്ഷമാകുന്നു. ഹോട്ടലുകളും ആശുപത്രികളും അടക്കം പ്രവർത്തനം നിലക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. 130 ലോറി ഉടമകളും മുന്നൂറോളം തൊഴിലാളികളുമാണ് സമരം ചെയ്യുന്നത്.
ടാങ്കുകൾ പൊട്ടി ശുചിമുറി മാലിന്യം പുറത്തേക്കൊഴുകിയതോടെ പല ഹോട്ടലുകളും താൽക്കാലികമായി അടച്ചു. സ്വന്തമായി പ്ലാന്റ് ഇല്ലാത്ത ചെറുകിട ഹോട്ടലുകളെയാണ് സമരം ഏറ്റവുമധികം ബാധിച്ചത്.ടാങ്കുകളിൽ ശേഖരിച്ച് സംസ്കരിക്കാൻ 4500- 5500 രൂപയാണ് ടാങ്കർ ഉടമകൾ ഈടാക്കുന്നത്. സമരം ആരംഭിച്ച ശേഷം 50ഓളം ഹോട്ടലുകൾ ഇതുവരെ അടച്ചു.
മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക, സംസ്കരണ സംവിധാനമുള്ള കേന്ദ്രങ്ങളിൽ മാലിന്യം തള്ളാൻ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഈ മാസം മൂന്നിനാണ് പണിമുടക്ക് ആരംഭിച്ചത്.
ജില്ലയിൽ 52 ടാങ്കർ ഉടമകളാണുള്ളത്. കലക്ടർ നടത്തിയ ചർച്ചയിൽ സംസ്കരണ പ്ലാന്റുകൾ തുറന്നു നൽകാമെന്ന് അറിയിച്ചെങ്കിലും തുറക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ടാങ്കർ ഉടമകൾ. ബി.എം.എസ് യൂനിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
കഴിഞ്ഞ ദിവസം ആലപ്പുഴ ജനറൽ ആശുപത്രിയിൽ മാലിന്യ ടാങ്ക് നിറഞ്ഞ് പൊട്ടി ഒലിച്ചിരുന്നു. ഇതെ തുടർന്ന് കലക്ടറുടെ അഭ്യർത്ഥന പ്രകാരം ടാങ്കർ ലോറികളെത്തി മാലിന്യം കയറ്റിക്കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.