പുറത്തിറങ്ങിയാൽ പൊള്ളും; താപനില ഉയർന്നുതന്നെ
text_fieldsആലപ്പുഴ: ആലപ്പുഴയിൽ അതികഠിനമായ ചൂടിന് കുറവില്ല. തിങ്കളാഴ്ച 36 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. രാവിലെ എട്ടുവരെ 35.1 ഡിഗ്രി സെൽഷ്യസും ഉച്ചവരെ 35.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും താപനില ഉയർന്നുതന്നെയായിരുന്നു.
സാധാരണഗതിയിൽനിന്ന് മൂന്ന് ഡിഗ്രിവരെ ചൂട് കൂടിയതിനാൽ ജില്ലയിൽ ഉഷ്ണതരംഗം, സൂര്യാഘാതം, സൂര്യാതപം ജാഗ്രതനിർദേശവും നൽകി. വരുംദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴയിൽ സാധാരണ (ശരാശരി) അനുഭവപ്പെടേണ്ട ചൂട് 33.5 ഡിഗ്രി സെൽഷ്യസാണ്. കോവിഡിന് പിന്നാലെ ചൂട് കനത്തതോടെ കുട്ടികൾ, പ്രായമായവർ അടക്കമുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്.
താപനില ഉയർന്നതോടെ പുറംജോലികളിൽ ഏർപ്പെട്ടവരും ദുരിതത്തിലാണ്. അത്തരക്കാർ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം നേരിട്ട് എല്ക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിർദേശം. താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ലേബർ കമീഷണർ തൊഴിലാളികളുടെ ജോലിസമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മുതൽ മൂന്നുവരെയാണ് വിശ്രമവേള. വിദ്യാർഥികളുടെ പരീക്ഷക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും കൂടുതൽ ശ്രദ്ധിക്കണമെന്നും അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കണമെന്നും നിർദേശമുണ്ട്. കുഞ്ഞുകുട്ടികൾക്ക് സുരക്ഷയൊരുക്കാൻ അതത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും മുന്നിട്ടിറങ്ങണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവരും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.