വെന്തുരുകി നാട്; ചൂട് ഉയർന്നുതന്നെ
text_fieldsആലപ്പുഴ: ആലപ്പുഴയിൽ പൊള്ളുന്ന ചൂടിന് മാറ്റമില്ല. വെള്ളിയാഴ്ച ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. കനത്തചൂടിനൊപ്പം വേനൽമഴ കിട്ടാത്തതാണ് പ്രശ്നം. ജനുവരി മുതൽ കിട്ടേണ്ട സാധാരണ മഴപോലും ലഭിച്ചിട്ടില്ല. ഈമാസം 19 വരെയുള്ള കണക്കനുസരിച്ച് 43 ശതമാനം മഴയുടെ കുറവുണ്ട്.
1987 ഏപ്രിൽ ഒന്നിനാണ് ആലപ്പുഴയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. 38.2 എന്നത് റെക്കോഡായിരുന്നു. 37 ഡിഗ്രിയാണ് മനുഷ്യശരീരത്തിന്റെ ഊഷ്മാവ്. രണ്ടോ മൂന്നോ ഡിഗ്രി ചൂടുയർന്നാൽതന്നെ ശരീരത്തിന് താങ്ങാൻ സാധിക്കില്ല.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആലപ്പുഴയിലെ ചൂട് 36 ഡിഗ്രിയിൽ താഴ്ന്നിട്ടില്ല. പട്ടണക്കാട്, തൈക്കാട്ടുശ്ശേരി, വെളിയനാട് തുടങ്ങിയ സ്ഥലങ്ങളിൽ സമാനചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസങ്ങളിലും താപനില ഉയർന്നുതന്നെയായിരുന്നു. ആലപ്പുഴയിൽ സാധാരണ (ശരാശരി) അനുഭവപ്പെടേണ്ട ചൂട് 33.5 ഡിഗ്രി സെൽഷ്യസാണ്. വരുംദിവസങ്ങളിലും താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടക്കിടെ വൈദ്യുതി മുടങ്ങുന്നതും തിരിച്ചടിയാണ്.
ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കാറുണ്ട്. ചൂട് കനത്തതോടെ കുട്ടികൾ, പ്രായമായവർ അടക്കമുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. അന്തരീക്ഷ താപനില ഉയർന്നതോടെ പുറംജോലികളിൽ ഏർപ്പെട്ടവരും ദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.