കുരുന്നുകള്‍ക്ക് പഠിക്കാന്‍ താല്‍ക്കാലിക ഷെഡ്; കാടുകയറി പുതിയ കെട്ടിടം
text_fieldsആലപ്പുഴ: പുതിയ സ്കൂള്‍ കെട്ടിടത്തിനായുള്ള കുരുന്നുകളുടെ കാത്തിരിപ്പ് എന്നവസാനിക്കും. തെക്കൻ ആര്യാട് ഗവ. വളഞ്ഞവഴിക്കൽ എൽ.പി സ്കൂൾ കെട്ടിട നിർമാണം മുടങ്ങിയിട്ട് മൂന്ന് വർഷം പിന്നിടുകയാണ്.
കാത്തിരിപ്പിനൊടുവില്‍ രക്ഷിതാക്കള്‍ ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് ഭീമ ഹരജി നൽകി. 2018-’19 അധ്യയന വർഷമാണ് സ്കൂളിന്റെ പ്രധാന കെട്ടിടങ്ങളിലൊന്ന് പൊളിച്ച് ബഹുനില കെട്ടിടം പണി തുടങ്ങിയത്. രണ്ട് ഡിവിഷനുകളിലെ കുട്ടികളെ ഇരുമ്പ് ഷെഡ്ഡിലേക്ക് മാറ്റിയും ഓഫീസ് മുറിയിലും ഓഡിറ്റോറിയത്തിലും ക്ലാസ് ക്രമീകരിച്ചുമായിരുന്നു പ്രവൃത്തികൾ തുടങ്ങിയത്.
കടുത്ത വേനലിലും മഴയിലും പിഞ്ചുകുട്ടികൾ ഇരുമ്പ് ഷെഡ്ഡിൽ തുടരേണ്ട അവസ്ഥയാണിപ്പോൾ. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 1.15 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്.
തൃശൂർ ലേബർ സൊസൈറ്റി 2016ൽ കരാർ ഏറ്റെടുത്തു. ഫണ്ട് മുടങ്ങിയതോടെ നിർമാണം നിലച്ചു. പഴയ നിരക്കിൽ പണി പുനരാരംഭിക്കാൻ സൊസൈറ്റി വിസമ്മതിച്ചതോടെ ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് നിർമാണം ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ കാടുകയറിയ അടിത്തറ വൃത്തിയാക്കാൻ പോലും നടപടി ആയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ കുട്ടികൾ വീർപ്പുമുട്ടിയതോടെ നിലവിൽ രണ്ട് ഡിവിഷനുകൾ കുറഞ്ഞു.
നാനൂറിൽ പരം കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ഇപ്പോഴുള്ളത് 270 കുട്ടികളാണ്. പല തവണ വിഷയം പ്രാദേശിക ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.