തർക്കത്തിന് താൽക്കാലിക പരിഹാരം:റേഷനരി വിതരണം പുനഃരാരംഭിച്ചു
text_fieldsആലപ്പുഴ: റേഷനരി കയറ്റലിനുള്ള തുകയുമായി ബന്ധപ്പെട്ട് പ്രാദേശിക തൊഴിലാളികളും കരാറുകാരും തമ്മിലെ തർക്കത്തിന് താൽക്കാലിക പരിഹാരം.
അമ്പലപ്പുഴ താലൂക്കിലെ റേഷൻ കടകളിൽ അരി വിതരണം പുനഃസ്ഥാപിച്ചു. ക്ഷേമനിധി ബോർഡിൽ ഇല്ലാത്ത പ്രാദേശിക തൊഴിലാളികൾക്ക് ഭക്ഷ്യധാന്യം കയറ്റാൻ ലെവി തുക ആവശ്യപ്പെട്ടുള്ള തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചത്. തുടർന്ന് സപ്ലൈകോ ഗോഡൗണിൽനിന്നുള്ള അരി വിതരണം പൂർണമായും തടസ്സപ്പെട്ടു. ഇരുകൂട്ടരെയും വിളിച്ച് സപ്ലൈകോ നടത്തിയ ചർച്ചയിലാണ് താൽക്കാലിക പരിഹാരം.
ഈമാസത്തെ റേഷൻ വിതരണം പൂർത്തിയാക്കുന്നതുവരെ പ്രശ്നങ്ങളുണ്ടാക്കരുതെന്നും നിലവിലെ രീതി തുടരണമെന്നുമുള്ള സപ്ലൈകോ അധികൃതരുടെ ആവശ്യം ഇരുകൂട്ടരും അംഗീകരിച്ചു. തർക്കം പരിഹരിക്കാൻ ജില്ല ലേബർ ഓഫിസർ, ജില്ല സപ്ലൈ ഓഫിസർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് പരിഹാരമുണ്ടാക്കും. ഒക്ടോബറിലെ വിതരണം തുടങ്ങും മുമ്പ് ഇരുകൂട്ടരുടെയും തർക്കം പരിഹരിക്കാനാണ് ശ്രമം.
ബുധനാഴ്ചയാണ് ലെവി തുക നേരിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക തൊഴിലാളികൾ പണിമുടക്കിയത്. അരി കയറ്റാനെത്തിയ ലോറികൾ ഏറെനേരം കാത്തുകിടന്ന ശേഷമാണ് മടങ്ങിയത്. ഇതോടെ താലൂക്കിലെ 70 റേഷൻ കടകളിലേക്കുള്ള അരി വിതരണം പൂർണമായും മുടങ്ങി. സപ്ലൈകോ വാതിൽപടി വിതരണ കരാറിൽ ക്ഷേമനിധി ബോർഡിലുള്ള തൊഴിലാളികൾ മാത്രമേ ലോറിയിൽ ഭക്ഷ്യധാന്യങ്ങൾ കയറ്റാവൂവെന്നാണ് വ്യവസ്ഥ. എന്നാൽ, ആലപ്പുഴയിൽ പ്രാദേശിക തൊഴിലാളികളും ജോലിചെയ്യുന്നുണ്ട്. ബോർഡിലെ തൊഴിലാളികളും പ്രാദേശിക തൊഴിലാളികളും മാറിമാറിയാണ് ലോഡ് കയറ്റുന്നത്.
ഒരു ക്വിന്റൽ ലോറിയിൽ കയറ്റാൻ ലെവിയടക്കം 19.68 രൂപയാണ് കരാറുകാരൻ ക്ഷേമനിധിയിൽ അടക്കുന്നത്. ഇതിൽ 15.50 രൂപ തൊഴിലാളികളുടെ കൂലിയാണ്. ബാക്കിത്തുക തൊഴിലാളികളുടെ ക്ഷേമത്തിനാണ് വിനിയോഗിക്കുന്നത്.
ബോർഡിൽ ലെവിയായി നൽകുന്ന തുക നേരിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രാദേശിക തൊഴിലാളികൾ തർക്കമുണ്ടാക്കിയത്.
കഴിഞ്ഞദിവസം ഇവരിലൊരാൾ കരാറുകാരന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. വ്യവസ്ഥയിൽ ഇല്ലാത്തതിനാൽ നൽകാനാവില്ലെന്നാണ് കരാറുകാരുടെ നിലപാട്. ഇതാണ് തർക്കത്തിന് വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.