കാടില്ലാത്ത ആലപ്പുഴയിൽ ഇനി മിയാവാക്കി വനം
text_fieldsആലപ്പുഴ: വനമില്ലാത്ത ഏക ജില്ലയെന്ന പേരുദോഷം ആലപ്പുഴ തിരുത്തും. സ്വാഭാവിക മരങ്ങൾ ഇടതൂർന്ന് വളരുന്ന നിരവധി കാടുകൾ ഭാവിയിൽ ആലപ്പുഴയെ നിബിഡമാക്കും. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാകുന്ന ബീച്ചിലെ തുറമുഖ മ്യൂസിയത്തിനു സമീപം ഒരുങ്ങുന്ന 'മിയാവാക്കി വനം' നാളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രൂപംകൊള്ളാനിരിക്കുന്ന വൃക്ഷസമൃദ്ധിയുടെ ചൂണ്ടുപലകയാണ്.
കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിെൻറ നേതൃത്വത്തിലുള്ള പദ്ധതിയിൽ ബീച്ചിൽ 20 സെൻറിലാണ് വനം ഒരുങ്ങുന്നത്. ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞനും ജപ്പാനിലെ യോകോഹാമ സർവകലാശാലയിലെ പ്രഫസറുമായിരുന്ന ഡോ. അക്കിര മിയാവാക്കി അരനൂറ്റാണ്ട് മുമ്പ് വികസിപ്പിച്ച വനവത്കരണ രീതി കേരളത്തിലെ കാവുകളുടെ ജാപ്പനീസ് മാതൃകയെന്ന് വിശേഷിപ്പിക്കാം.
ജൈവവൈവിധ്യം തിരിച്ചുപിടിക്കുന്നതോടൊപ്പം ഔഷധസസ്യ സംരക്ഷണവുമാണ് ലക്ഷ്യമെന്ന് പദ്ധതിയിൽ പങ്കാളിയായ നേച്ചേഴ്സ് ഗ്രീൻഗാർഡിയൻ ഫൗണ്ടേഷൻ അധ്യക്ഷൻ പ്രഫ. വി.കെ. ദാമോദരൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇൻവിസ് മർട്ടി മീഡിയ കൾചറൽ ഷോപ്പി പദ്ധതിയുടെ മറ്റൊരു പങ്കാളിയാണ്.
തദ്ദേശീയമായ മാവ്, പ്ലാവ്, കുടംപുളി, ആൽ, പൂവരശ്, പുന്ന, ആറ്റുവഞ്ചി, മഹാഗണി, അശോകം പോലുള്ള 3200 വൃക്ഷങ്ങളാണ് ആലപ്പുഴയിൽ നടുന്നത്. മണ്ണ്, ചാണകം, ചകിരിച്ചോർ, ഉമി, ആട്ടിൻകാഷ്ഠം എന്നിവ ചേർത്ത് നിലമൊരുക്കി ഒരു ചതുരശ്രമീറ്ററിൽ നാലുവൃക്ഷത്തൈകൾ കൂട്ടിക്കലർത്തി നടും. സൂര്യപ്രകാശം കിട്ടുന്നതിനായി മരങ്ങൾ തമ്മിൽ മത്സരിച്ച് വളരുമെന്നാണ് മിയാവാക്കി രീതി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.