'മുഹമ്മ' കായലോരത്തെ മനോഹരതീരം
text_fieldsമുഹമ്മ: വേമ്പനാട്ടുകായലോരത്തെ വശ്യസുന്ദര ഗ്രാമമാണ് മുഹമ്മ. ഈ നാമത്തിന് നൂറിലേറെ വർഷം പഴക്കമുണ്ട്. 1953ലാണ് മുഹമ്മ പഞ്ചായത്ത് രൂപവത്കരിച്ചത്. തോട് ഒഴുകി കായലിൽ ചേരുന്ന ഭാഗത്തിന് മുഖപ്പ് എന്നു പറയാറുണ്ട്. നിലവിലെ മുഹമ്മ ജങ്ഷന് കിഴക്ക് ഭാഗത്താണ് ആദ്യമായി 'കമ്പോളം' രൂപപ്പെട്ടത്. പടിഞ്ഞാറ് എന്നതിന് മേക്ക് എന്നാണ് പ്രമാണത്തിൽ എഴുതിയിരുന്നത്. മുഖപ്പിന് മേക്ക് എന്നത് മുഖമ്മയിൽ എന്നായി. മുഖപ്പിന് പടിഞ്ഞാറുഭാഗത്തുള്ള ഒരു വീട് മുഖമ്മേൽ എന്ന പേരിലറിയപ്പെട്ടു.
അങ്ങനെ ആദ്യമായി ഒരുവീടിന് മുഖമ്മേൽ എന്ന വിളിപ്പേരായി. ഈ വീടിനടുത്തായി ഒരു കമ്പോളം രൂപംകൊള്ളുകയും അതിനെ മുഖമ്മേൽ കമ്പോളമെന്ന് വിളിക്കുകയും ചെയ്തു.പിന്നീട് മുഖമ്മയെന്ന് പറഞ്ഞാണ് 'മുഹമ്മ' ആയി മാറിയതെന്ന് പഴമക്കാർ പറയുന്നു. വേമ്പനാട്ടുകായലിലെ 'പാതിരാമണൽ' ദ്വീപ് മുഹമ്മ പഞ്ചായത്തിെൻറ ഭാഗമാണ്. നിരവധി ദേശാടനപ്പക്ഷികളുടെ ആവാസ കേന്ദ്രമാണിവിടം. കായിപ്പുറത്തുനിന്നും ഇവിടെ എത്താം.
കളരിക്ക് പ്രസിദ്ധികേട്ട ചീരപ്പഞ്ചിറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സ്വാമി അയ്യപ്പൻ ഇവിടെ കളരി പരിശീലനം നടത്തിയതായി പറയപ്പെടുന്നു. കമ്യൂണിസ്റ്റ് നേതാവായിരുന്ന സുശീല ഗോപാലനും ഭാരതീയ വിചാരകേന്ദ്രം ഡയറയക്ടറായിരുന്ന പി. പരമേശ്വരനും മുഹമ്മയിൽനിന്നുള്ളവരായിരുന്നു.കേരളത്തിൽ ആദ്യമായി മുഹമ്മ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സി.കെ. ഭാസ്കരെൻറ നേതൃത്വത്തിലായിരുന്നു സാന്ത്വനം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കയറും കക്കയും ജനങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങളാണ്. വേമ്പനാട് കായലിലെ ഏറ്റവും വീതി കൂടിയ ഭാഗമാണ് മുഹമ്മ-കുമരകം. ഏകദേശം എട്ട് കിലോമീറ്റർ വീതിയുണ്ട്.
മുഹമ്മ-കുമരകം ബോട്ട് സർവിസ് ദിവസവും നൂറുകണക്കിനാളുകൾക്ക് പ്രയോജനപ്പെടുന്നു. മുഹമ്മയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് 29 പേരുടെ മരണത്തിനിടയാക്കിയ 2012ലെ ബോട്ട് ദുരന്തം. കിഴക്ക് വേമ്പനാട്ടുകായലും പടിഞ്ഞാറ് കഞ്ഞിക്കുഴി പഞ്ചായത്തും വടക്ക് പുത്തനങ്ങാടി തോടും തെക്ക് മുടക്കനാം കുഴിതോടുമാണ് അതിരുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.