കാർ ഇടിയോടിടി; അഞ്ചുപേർക്ക് പരിക്ക്
text_fieldsആലപ്പുഴ: ജില്ല കലക്ടറുടെ ബംഗ്ലാവിന് മുന്നിലൂടെ അമിതവേഗതയിൽ പാഞ്ഞ കാർ ഇരുചക്രവാഹന യാത്രികരെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചതായി പരാതി. അപകടത്തിൽ അന്തർസംസ്ഥാന തൊഴിലാളികളടക്കം അഞ്ചുപേർക്ക് പരിക്ക്.
ബുള്ളറ്റ് യാത്രികരായ ആലപ്പുഴ കനാൽ വാർഡ് ബംഗ്ലാവ് പറമ്പിൽ ജോബിൻ ജോസ് എറാൾഡ് (26), സുഹൃത്ത് കനാൽ വാർഡ് പുത്തൻപുരക്കൽ ഷാരോൺ (27), വഴിയാത്രക്കാരൻ സീവ്യൂ വാർഡ് അഷ്കർ (23) എന്നിവർക്കും ഒരു സൈക്കിൾയാത്രികനും അന്തർസംസ്ഥാനതൊഴിലാളിക്കുമാണ് പരിക്കേറ്റത്. ഷാരോൺ ആലപ്പുഴ ജനറൽ ആശുപത്രിയിലും ജോബിൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി.
വെള്ളിയാഴ്ച രാത്രി 8.50നാണ് സംഭവം. സുഹൃത്തുക്കളായ ജോബിനും ഷാരോണും ജോലി കഴിഞ്ഞ് ബീച്ച് ഭാഗത്തുനിന്ന് കണ്ണൻവർക്കി പാലം ഭാഗത്തേക്ക് ബുള്ളറ്റിൽ പോവുകയായിരുന്നു. ഇതിനിടെ ജില്ല കലക്ടറുടെ ബംഗ്ലാവിന് മുന്നിലെത്തിയപ്പോൾ അന്തർസംസ്ഥാന തൊഴിലാളിയായ യുവാവ് ഇവരുടെ വാഹനത്തിന് മുന്നിലേക്ക് ചാടി.
തൊട്ടുടനെ പിന്നിൽനിന്നെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചു. നിലത്തുവീണ ഇവരെ സമീപത്തെ മതിലിനോട് ചേർത്ത് അമർത്താനും ശ്രമിച്ചു. തുടർന്ന് പിന്നോട്ടെടുത്ത കാർ അതിവേഗം മുന്നോട്ടുപോയി. കറുത്തകാളി പാലത്തിന് സമീപമെത്തിയപ്പോൾ ഇതേ കാർ വഴിയാത്രക്കാരനായ അഷ്കറിനെ ഇടിച്ചിട്ടു.
കാറിന്റെ ബോണറ്റിൽ തട്ടി അഷ്കർ റോഡിലേക്ക് തെറിച്ചുവീഴുന്ന സി.സി ടി.വി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ സൈക്കിൾ യാത്രക്കാരനെയും മറ്റൊരു അന്തർസംസ്ഥാന തൊഴിലാളിയെയും ഇടിച്ചതായും പറയുന്നു. അപകടമുണ്ടാക്കിയ കാർ സൗത്ത് പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശിയായ യുവാവാണ് കാറിലുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ജോബിനും ഷാരോണും സൗത്ത് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.