പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിൽ മുഖ്യമന്ത്രിക്ക് ആത്മാർഥതയില്ല -ചെന്നിത്തല
text_fieldsആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഒട്ടും ആത്മാർഥതയില്ലെന്ന് എ.ഐ.സി.സി അംഗം രമേശ് ചെന്നിത്തല എം.എൽ.എ. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ് ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ജനസമക്ഷം -2024’ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിലാകരുതെന്നതാണ് യു.ഡി.എഫിന്റെ നിലപാട്. 2019ൽ നിയമഭേദഗതി വന്നപ്പോൾ കേരള നിയമസഭയിൽ പ്രതിപക്ഷവും കൂടി ചേർന്നാണ് പ്രമേയം പാസാക്കിയത്.
അതിനെ വിമർശിച്ചത് ഗവർണർ മാത്രമാണ്. അന്ന് ഗവർണറെ മാറ്റണമെന്ന പ്രമേയം താൻ നിയമസഭയിൽ കൊണ്ടുവന്നു. ചർച്ചയിൽ ഗവർണറെ ഏറ്റവും സംരക്ഷിച്ച് സംസാരിച്ചത് മുഖ്യമന്ത്രിയാണ്. അതിനാൽ എന്റെ പ്രമേയം അവതരിപ്പിക്കാൻ കഴിഞ്ഞില്ല. പൗരത്വ നിയമത്തിനെതിരെ നടന്ന സമരത്തിന്റെ പേരിൽ എടുത്ത ഒരു കേസും പിൻവലിക്കാൻ കഴിഞ്ഞ നാലുവർഷമായി മുഖ്യമന്ത്രി തയാറായില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ കുറച്ചെണ്ണം പിൻവലിക്കുകയാണുണ്ടായത്.
ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. സമ്പൂർണമായി പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള നീക്കമാണ് നടക്കുന്നത്. വിവിധ അന്വേഷണങ്ങൾ നേരിടുന്നവരാണ് മറ്റുപാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ ചേരുന്നത്. ബി.ജെ.പിയിൽ ചേർന്നുകഴിഞ്ഞാൽ പിന്നെ അന്വേഷണമില്ല.
കോൺഗ്രസിന്റെ ഫണ്ട് മുഴുവൻ മരവിപ്പിച്ചു. കോൺഗ്രസ് സ്ഥാനാർഥികൾക്ക് ചെലവിന് കൊടുക്കാനോ, പ്രകടന പത്രിക അച്ചടിക്കാനോ, പ്രചാരണം നടത്താനോ, പരസ്യം നൽകാനോ പണമില്ലാത്ത അവസ്ഥയാണ്. ഇത്തവണ സംസ്ഥാനത്ത് 20 സീറ്റും നേടുമെന്ന പ്രതീക്ഷയാണ് യു.ഡി.ഡി.എഫിനുള്ളത്. ബി.ജെ.പി ഇവിടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല. ആലപ്പുഴ സീറ്റിൽ വിജയിക്കാൻ ഏറ്റവും അനുയോജ്യൻ കെ.സി വേണുഗോപാലാണ്.
അതിനാലാണ് അദ്ദേഹത്തെ തന്നെ ഇവിടെ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു. കെ.യു.ഡബ്ല്യു.യു.ജെ സംസ്ഥാന കമ്മിറ്റി അംഗം കെ.എ. ബാബു അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി ടി.കെ അനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.