കായംകുളത്തിന് ഇരുട്ടടിയായി തീരദേശ പരിപാലന നിയമവും
text_fieldsകായംകുളം: ദേശീയപാതയിൽ കോട്ടകെട്ടുന്നതോടെ രണ്ടായി മുറിയുന്ന നഗരത്തിന് തീരദേശ സംരക്ഷണ നിയമവും കുരുക്കാകുന്നു. നൂറുകണക്കിന് സാധാരണക്കാരെ ബാധിക്കുന്ന വിഷയത്തിലുള്ള അധികൃതരുടെ ലാഘവ സമീപനം പ്രതിഷേധത്തിന് കാരണമാകുകയാണ്. വിഷയത്തിൽ നിർദേശങ്ങളും പരാതികളും സമർപ്പിക്കാനായി ജില്ലതലത്തിൽ വിളിച്ച യോഗത്തിൽ നഗരസഭയിൽനിന്ന് ആരും പങ്കെടുക്കാതിരുന്നതാണ് വിമർശനത്തിന് കാരണമാകുന്നത്.
ദേശീയപാത വിഷയത്തിലും യഥാസമയം യോഗങ്ങളിൽ പങ്കെടുത്ത് നിലപാട് പറയുന്നതിൽ സംഭവിച്ച വീഴ്ചയാണ് നഗരത്തെ രണ്ടായി മുറിക്കുന്ന കോട്ടകെട്ടലിന് കാരണമാകുന്നത്. നഗരത്തിലൂടെ കടന്നുപോകുന്ന കരിപ്പുഴ തോടിന്റെ ഇരുകരകളിലും താമസിക്കുന്ന നൂറുകണക്കിന് ജനങ്ങളെ ബാധിക്കുന്നതാണ് തീരദേശ സംരക്ഷണ നിയമമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നഗരത്തിലെ നിരവധി വികസനങ്ങളെയും സാരമായി ബാധിക്കും.
നിയമം നടപ്പാക്കൽ കർശനമാക്കിയതോടെ തീരദേശ ജില്ലകളിലെ കടൽത്തീരങ്ങളിലും കായലുകളുടെയും പുഴകളുടെയും ഓരത്ത് ഭൂമിയുള്ളവർക്ക് വീടുകൾ നിർമിക്കാൻ സാധിക്കാത്ത സ്ഥിതിയായി. നിലവിൽ സർക്കാർ കോടികൾ ചെലവഴിച്ച് വർഷങ്ങൾക്ക് മുമ്പ് കായലോരത്ത് നിർമിച്ച വിനോദസഞ്ചാരകേന്ദ്രം വരെ നിയമം കാരണം പ്രവർത്തിപ്പിക്കാനാകാതെകിടക്കുകയാണ്.
സർക്കാർ സംരംഭമായിട്ടുപോലും കെട്ടിട നമ്പർ നൽകാൻ നിയമതടസ്സം കാരണം നഗരസഭക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ജനം ചോദിക്കുന്നത്. അതിനിടെയാണ് ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള യോഗം ബഹിഷ്കരിച്ച നഗരസഭ നടപടി ചർച്ചയാകുന്നത്.
ഇടപെടൽ കാര്യക്ഷമമാകണം
കായംകുളം: തീരദേശ സംരക്ഷണ നിയമത്തിൽ കാര്യക്ഷമമായ ഇടപെടൽ നടത്താൻ നഗരസഭ തയാറാകണമെന്ന് സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട യോഗത്തിൽ നഗരസഭയിൽനിന്ന് ആരും പങ്കെടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്.
പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. ബി. ദിലീപൻ, ഉദയകുമാർ ചേരാവള്ളി, താഹ വൈദ്യൻ വീട്ടിൽ, എൻ.ആർ. അജയകുമാർ, സജീർ കുന്നുകണ്ടം, മക്ബൂൽ മുട്ടാണിശേരി, സൈനുല്ലാബ്ദീൻ സേട്ട് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.