അച്ഛനെയും അമ്മയെയും അക്ഷരലോകത്തേക്ക് കൈപിടിച്ചുകയറ്റി മകൾ
text_fieldsആലപ്പുഴ: അച്ഛനെയും അമ്മയെയും ആദ്യക്ഷരം കുറിപ്പിച്ച് മകൾ. പുറക്കാട് ഗ്രാമപഞ്ചായത്ത് 12ാം വാർഡ് മുളക്കത്തറ വീട്ടിൽ പുഷ്കരനും (80) ലളിതയുമാണ് (68) സ്വന്തം മകളിൽനിന്ന് അക്ഷരവെട്ടം പകുത്തത്. ജില്ല പഞ്ചായത്ത് നടപ്പാക്കിയ അതുല്യം പദ്ധതിയുടെ ഇൻസ്ട്രക്ടറായ സിനി, തന്റെ സാക്ഷരത ക്ലാസിലേക്ക് അച്ഛനും അമ്മക്കും പ്രവേശനം നൽകുകയായിരുന്നു. മറ്റുപഠിതാക്കളെ പകൽ ക്ലാസ് സമയത്തും സ്വന്തം മാതാപിതാക്കളെ രാത്രിയുമാണ് പഠിപ്പിച്ചതെന്ന് സിനി പറഞ്ഞു. മികവുത്സവത്തിൽ മറ്റു പഠിതാക്കളോടൊപ്പം സിനിയുടെ മാതാപിതാക്കളും പങ്കെടുത്തു. സാക്ഷരത നേടിയോ എന്ന പരിശോധനയാണ് മികവുത്സവത്തിലൂടെ നടത്തിയത്. ഇരുവരും നന്നായി പരീക്ഷ എഴുതി. ആകെ ആറുപേരെയാണ് സിനി സാക്ഷരരാക്കിയത്.
പഞ്ചായത്ത് കോഓഡിനേറ്റർ മധുകുമാർ, പ്രസിഡന്റ് എ.എസ്. സുദർശനൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജിനുരാജ്, പഞ്ചായത്ത് അംഗം സി. രാജു, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ കെ.വി. രതീഷ്, ബ്ലോക്ക് കോഓഡിനേറ്റർ പ്രകാശ് ബാബു തുടങ്ങിയവർ പഠിതാക്കൾക്ക് ആശംസ നേർന്നു. സാക്ഷരത നേടിയ മുഴുവൻ പേരെയും നാലാംതരം തുല്യത കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യിക്കുമെന്ന് ജില്ല കോഓഡിനേറ്റർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.