കോവിഡ് പ്രതിസന്ധിക്കിടെ ദുബൈയിൽ ആലപ്പുഴക്കാരന്റെ സിനിമ പിറവിയെടുത്തു
text_fieldsആലപ്പുഴ: കോവിഡ് പ്രതിസന്ധി ലോകമെമ്പാടും ആശങ്ക പരത്തിയ വേളയിൽ ദുബൈയിൽ മലയാള സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി ആലപ്പുഴക്കാരൻ. കലാഭവൻ ഷാജോണും സജിത മഠത്തിലും പ്രധാന വേഷമിട്ട് ശ്രദ്ധേയമായ 'പരീത് പണ്ടാരി'ക്കുശേഷം സംവിധായകൻ ഗഫൂർ വൈ. ഇല്യാസ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'ചലച്ചിത്രം' എന്ന സിനിമയാണ് മറുനാട്ടിൽ പിറവിയെടുത്തത്.
മോസസ് ഒയിലാരെ, ടോസിൻ അന എന്നീ നൈജീരിയൻ സ്വദേശികൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ സുദർശനൻ ആലപ്പി പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിരവധി പ്രവാസിമലയാളികൾക്കുപുറമെ അറബികളും പാകിസ്താനികളും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
നൂറും നൂറ്റമ്പതും ആളുകൾ ജോലി ചെയ്യേണ്ട സിനിമ ലൊക്കേഷനിൽനിന്ന് വ്യത്യസ്തമായി മൂന്ന് സാങ്കേതിക വിദഗ്ധർ മാത്രമാണ് അണിയറയിൽ പ്രവർത്തിച്ചത്. -സംവിധായകന് പുറമെ കാമറമാനും എഡിറ്ററും. മൂന്നുപേർ മാത്രം പ്രവർത്തിച്ച സിനിമയെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നു. റെക്കോഡിന് ചെയ്ത സിനിമയല്ലെങ്കിലും യാദൃച്ഛികമായി സംഭവിച്ചപ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുെന്നന്ന് ഗഫൂർ 'മാധ്യമ'ത്തോട് പറഞ്ഞു.
ഇന്ദ്രൻസിനെയായിരുന്നു നായകനായി തീരുമാനിച്ചതെങ്കിലും കോവിഡുകാലത്ത് വിദേശയാത്ര ബുദ്ധിമുട്ടായതിനാലാണ് വേഷം ആലപ്പി സുദർശനിലേക്ക് എത്തിയത്. കോവിഡ് പ്രതിസന്ധിയിൽ വിദേശയാത്ര ചെയ്യാൻ ആരും മടിക്കുന്ന കാലത്ത് 60ാം വയസ്സിലും സുദർശൻ കാണിക്കുന്ന സിനിമയോടുള്ള ആവേശം വിവരാണാതീതമാണെന്ന് സംവിധായകൻ പറയുന്നു.
മുസ്തഫ വാടാനപ്പള്ളിയും ആര്യനും രഞ്ജിത്തും ഹബിസും ചേർന്നാണ് ചലച്ചിത്രം നിർമിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചശേഷമേ 'ചലച്ചിത്രം' പ്രേക്ഷകർക്ക് മുന്നിലെത്തൂ. ഇതിനകം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.