കോവിഡ് ഭീതിയൊഴിഞ്ഞ് വിദേശസഞ്ചാരികളുടെ ആദ്യസംഘം ആലപ്പുഴയിൽ
text_fieldsആലപ്പുഴ: കോവിഡ് ഭീതിയൊഴിഞ്ഞ് കായൽ സൗന്ദര്യവും ഗ്രാമീണഭംഗിയും ആസ്വദിക്കാൻ സ്പെയിനിൽനിന്ന് വിദേശസഞ്ചാരികളുടെ ആദ്യസംഘം ആലപ്പുഴയിലെത്തി.
ഓൺലൈൻ വഴി ബുക്കിങ് നടത്തിയ സ്പെയിനിൽനിന്നുള്ള ഏഴംഗ സംഘമാണ് ചൊവ്വാഴ്ച എത്തിയത്. സ്പെയിൻ സ്വദേശികളായ പൗല റോജസ്, ഗോൾഖ ഓട്ടീറാൽ, നൂറിയ കസാഡോ, മാർത്ത ഹൊരേറ, സാമുവൽ മൊയാനോ, ഇലൂയിസ് പലാവോ, പ്ലാബോ റാമിറെസ് എന്നിവരെ പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. പള്ളാത്തുരുത്തി ആർ.കെ.വി ഉടമ വേണുഗോപാലിെൻറ 'ഗോൾഡൺ പെറ്റൽ' ഹൗസ്ബോട്ടിൽ പ്രത്യേക സൗകര്യമൊരുക്കിയായിരുന്നു യാത്ര.
കോവിഡ് പ്രതിരോധ ഭാഗമായി ഡി.ടി.പി.സി ജാഗ്രത പോർട്ടലിൽ വിദേശികളുടെ പേര് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ഹൗസ്ബോട്ട് പൂർണമായി അണുമുക്തമാക്കി. അതിലെ ജീവനക്കാർ ഷീൽഡ്, മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചാണ് സംഘത്തിനൊപ്പം ചേർന്നത്. സഞ്ചാരികൾ സാനിറ്റൈസർ അടക്കമുള്ളവ ഉപയോഗിച്ചും അകലം പാലിച്ചും ആറുമണിക്കൂർ വേമ്പനാട്ട് കായലിലൂടെ യാത്ര നടത്തി.
കനാലുകൾ, പച്ചയുടുത്ത കാർഷിക-മത്സ്യമേഖല, ഗ്രാമീണജീവിതം എന്നിവയുടെ നേർക്കാഴ്ച ഒപ്പിയെടുത്തു.
തനിനാടൻ വിഭവങ്ങളായ ചോറും മീൻകറിയും ഉൾപ്പെടെ ഭക്ഷണവും കഴിച്ചു. ആദ്യദിനം ആലപ്പുഴ പള്ളാത്തുരുത്തി കായൽ, മൂന്നാറ്റിൻമുക്കം, നെടുമുടി, ചമ്പക്കുളം, പുല്ലങ്കരി, കണ്ടങ്കരി, തായംകരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് രാത്രിയിൽ തകഴിയിൽ തങ്ങി. ബുധനാഴ്ച രാവിലെ 9.30ന് യാത്രതുടരും. കരുമാടി, കത്തിപ്പാടം, കരിമ്പാവളവ് എന്നിവിടങ്ങൾ സന്ദർശിച്ച് ആലപ്പുഴയിൽനിന്ന് മടങ്ങും.
കോവിഡ് കാലത്ത് ആഭ്യന്തരസഞ്ചാരികളടക്കം അകന്നുനിന്നേപ്പാൾ ടൂറിസം മേഖലക്ക് പുത്തൻപ്രതീക്ഷയേകിയാണ് ഇവർ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.