സച്ചാര്‍ കമ്മിറ്റി നിർദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം
text_fieldsആലപ്പുഴ: സച്ചാര്‍ കമ്മിറ്റിയുടെ നിർദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സച്ചാര്‍ സംരക്ഷണ സമിതി ജില്ല ഘടകം രൂപവത്കരണ യോഗം ആവശ്യപ്പെട്ടു. കമ്മിറ്റി മുന്നോട്ടുവെച്ച എല്ലാ നിർദേശങ്ങളും ഘട്ടംഘട്ടമായി നടപ്പാക്കണം. ഇന്ത്യയിലെ മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്.
മുസ്ലിം സമൂഹത്തിന് പൂര്‍ണമായും അവകാശപ്പെട്ട സ്കോളര്‍ഷിപ് കേരളത്തില്‍ 80:20 അനുപാതത്തില്‍ നടപ്പാക്കുകയും കോടതിവിധിയുടെ മറവില്‍ ഈ ആനുകൂല്യത്തില്‍നിന്ന് കൂടുതലായി മുസ്ലിം സമൂഹത്തിന് നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഇപ്പോഴത്തെ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ല. മുസ്ലിംകള്ക്ക് മാത്രമായി ശിപാര്‍ശ ചെയ്യപ്പെട്ട സച്ചാര്‍ കമ്മിറ്റിയുടെ പദ്ധതികള്‍ പൂര്‍ണമായും സമുദായ അംഗങ്ങള്‍ക്ക് നല്‍കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
സമസ്ത ജില്ല പ്രസിഡൻറ് സയ്യിദ് ഹദിയത്തുല്ല തങ്ങള്‍ അല്‍ ഹൈദറൂസി യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍ കുട്ടി സ്വാഗതം പറഞ്ഞു.
ഒ.എം. ഖാന് (കെ.എന്‍.എം), അബ്ദുല്‍ ഹക്കീം പാണാവള്ളി, നവാസ് ജമാല്‍, വി.എ. അമീന് (ജമാഅെത്ത ഇസ്ലാമി), എ.പി. നൗഷാദ്, ഷമീര്‍ ഫലാഹി (കെ.എന്‍.എം മര്ക്കസ്സുദഅ്വ), എം. ബഷീര്‍ (വിസ്ഡം), ഇ. അബ്ദുല്‍ അസീസ്, എ.എം. റഷീദ് (എം.ഇ.എസ്), കമാല്‍ എം. മാക്കിയില്‍, ടി.എ.എം. ഹസന്, നസീര്‍ പുന്നയ്ക്കല്‍ (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍), കെ. റഫീഖ് (മെക്ക), എം. ഷംസുദ്ദീന് (എം.എസ്.എസ്) എന്നിവര്‍ സംസാരിച്ചു. സമസ്ത ജില്ല പ്രസിഡൻറ് ഹദിയത്തുല്ല തങ്ങള്‍ അല്‍ ഹൈദറൂസി ചെയര്‍മാനും മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീര്‍ ജനറല്‍ കണ്‍വീനറുമായ സച്ചാര്‍ സംരക്ഷണ സമിതിക്ക് യോഗം രൂപം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.