ആലപ്പുഴയിൽ നിരത്തുകൾ കൈയടക്കി തെരുവുനായ്ക്കൾ
text_fieldsആലപ്പുഴ: കോവിഡ് വ്യാപനത്തിൽ തദ്ദേശസ്ഥാപനങ്ങളടക്കം പ്രതിരോധപ്രവർത്തനത്തിനും ബോധവത്കരണത്തിനും വഴിമാറിയതാടെ തെരുവുനായ്ക്കൾ നിരത്തുകൾ കൈയടക്കി. മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങളിൽ ഒത്തുചേർന്നാണ് ഇവയുടെ വിളയാട്ടം. തിങ്കളാഴ്ച ഡ്രൈവിങ് ടെസ്റ്റിന് റിക്രിയേഷൻ ഗ്രൗണ്ടിലെത്തിയ സ്ത്രീകളടക്കമുള്ളവരെ ഓടിച്ചിട്ട് തെരുവുനായ് കടിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. അപ്രതീക്ഷിത ആക്രമണത്തിൽ ഡ്രൈവിങ് പരിശീലകക്കും പഠിക്കാനെത്തിയ വനിതകൾക്കും ഓട്ടോ ൈഡ്രവർക്കുമാണ് കടിയേറ്റത്. ആലപ്പുഴ ബീച്ച്, റിക്രിയേഷൻ ഗൗണ്ട്, ഇ.എം.എസ് സ്റ്റേഡിയം, വനിത -ശിശു ആശുപത്രി, ജനറൽ ആശുപത്രി, ഇ.എസ്.ഐ എന്നിവയുടെ പരിസരം, കെ.എസ്.ആർ.ടി.സി, റെയിൽവേ സ്റ്റേഷൻ, കളർകോട്, കൊമ്മാടി, ചാത്തനാട്, വഴിച്ചേരി അടക്കമുള്ള സ്ഥലങ്ങളിലാണ് ഇവയുടെ ശല്യമേറെയുള്ളത്.
കോവിഡ് വ്യാപനത്തിൽ അവശ്യയാത്രകൾക്ക് പുറത്തിറങ്ങുന്ന ഇരുചക്ര വാഹനയാത്രക്കാരും കാൽനടക്കാരുമാണ് കൂടുതലായും ആക്രമണത്തിന് ഇരയാകുന്നത്. ബീച്ചിൽ പ്രഭാതസവാരിക്കിറങ്ങിയ നിരവധിപേരെ തെരുവുനായ്ക്കൾ കടിച്ച സംഭവമുണ്ടായിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി നിലച്ചതും വിനയായി. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് തിരികെ പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടണമെന്നാണ് വ്യവസ്ഥ. എന്നാൽ, നഗരസഭ പരിധിയിൽവരുന്ന നായ്ക്കെള പിടികൂടി വന്ധ്യംകരിച്ചശേഷം കടപ്പുറം ഭാഗങ്ങളിൽ ഉപേക്ഷിക്കുന്നതായി ആക്ഷേപമുണ്ട്. ഇതാണ് കടപ്പുറം അടക്കമുള്ള മേഖലയിൽ ഇവയുടെ ശല്യംകൂടാൻ കാരണമെന്നും പറയപ്പെടുന്നത്. കുടുംബശ്രീ വനിതകളും വെറ്ററിനറി ഡോക്ടറും ചേർന്ന സംഘമാണ് നായ്ക്കളെ പിടികൂടുന്നത് മുതൽ വന്ധ്യംകരണം നടത്തി തിരികെ എത്തിക്കുന്നത് വരെയുള്ള പ്രവർത്തനം നടത്തിയിരുന്നത്. പ്രഭാതസവാരി നടത്തുന്നവർ, കാൽനടക്കാർ, ഇരുചക്രവാഹനയാത്രക്കാർ എന്നിവരെ ആക്രമിച്ച നിരവധി സംഭവങ്ങളുണ്ട്. കടിയേറ്റത് മുതൽ ഇരുചക്രവാഹനങ്ങളിൽനിന്ന് വീണ് പരിക്കേറ്റവർ ഏറെയാണ്.
ൈഡ്രവിങ് ടെസ്റ്റിന് എത്തിയവരെ തെരുവുനായ് ആക്രമിച്ചു സ്ത്രീകളടക്കം നാലുപേർക്ക് കടിയേറ്റു
ആലപ്പുഴ: ഡ്രൈവിങ് ടെസ്റ്റിനെത്തിയവർക്കുനേരെ തെരുവുനായ് ആക്രമണം. സ്ത്രീകളടക്കം നാലുപേർക്ക് പരിക്ക്. ശാരദ ഡ്രൈവിങ് സ്കൂൾ പരിശീലക ആലപ്പുഴ പാതിരപ്പള്ളി ആശാരിപ്പറമ്പ് യമുനാദേവി (49), ൈഡ്രവിങ് പഠിക്കാനെത്തിയ പുന്നപ്ര സ്വദേശി അശ്വതി (28), അരുൺ ഡ്രൈവിങ് സ്കൂളിലെ മറ്റൊരു പെൺകുട്ടി, സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ 10.30ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലാണ് സംഭവം. ആളുകൾ നോക്കിനിൽക്കെ കുരച്ചെത്തിയ തെരുവുനായ് ഓട്ടോ ഡ്രൈവറെയാണ് ആദ്യം കടിച്ചത്. തൊട്ടുപിന്നാലെ അശ്വതിയെയും മറ്റൊരു പെൺകുട്ടിയെയും ആക്രമിക്കുകയായിരുന്നു. ഇവർക്ക് കടിയേറ്റതിനു പിന്നാലെയാണ് പരിശീലകയായ യമുനാദേവിയുടെ നേരെ തിരിഞ്ഞത്. ആക്രമണത്തിൽ നിലത്തുവീണ് യമുനയുടെ കാലിലും ഇടതുകൈയിലുമാണ് കടിയേറ്റത്. ഭാഗ്യംകൊണ്ടാണ് മുഖത്ത് പരിക്കേൽക്കാതിരുന്നത്. യമുനാദേവിക്കും ഓട്ടോഡ്രൈവർക്കുമാണ് കൂടുതൽ പരിക്ക്.
കടിയേറ്റവർ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയത്. എന്നാൽ, ഇവിടെ പേവിഷബാധ കുത്തിവെപ്പ് ഇല്ലാതിരുന്നതോടെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. വണ്ടാനത്ത് കുത്തിവെപ്പും പ്രഥമശുശ്രൂഷയും നൽകിയശേഷം വീട്ടിലേക്ക് മടങ്ങി. പരിക്കേറ്റ യമുനാദേവി നോർത്ത് െപാലീസ് സ്േറ്റഷനിലും ആലപ്പുഴ നഗരസഭയിലും പരാതി നൽകി. കടപ്പുറത്തും ഗ്രൗണ്ടിലും സമീപത്തുമായി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളുടെ ശല്യമേറെയാെണന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.