ചൂട് കൂടി; ഇറച്ചിക്കോഴി വില പറപറക്കുന്നു
text_fieldsആലപ്പുഴ: കനത്തചൂടിൽ കോഴിവളർത്തൽ പ്രതിസന്ധിയിലായതോടെ ഇറച്ചിക്കോഴിവില പറപറക്കുന്നു. ബുധനാഴ്ച വിപണിയിൽ കോഴി ഇറച്ചിക്ക് കിലോക്ക് 200 രൂപയായിരുന്നു വില. ജീവനോടെയുള്ളതിന് കിലോക്ക് 130രൂപയും.
രണ്ടുദിവസം മുമ്പ് കിലോക്ക് 230 രൂപയിൽനിന്നാണ് നേരിയ ഇടിവുണ്ടായത്. ലൈവ് ചിക്കന് 120 രൂപയാണ് മൊത്തവ്യാപാരവില. ഇറച്ചിക്ക് 185 രൂപയും നൽകണം. റമദാൻകാലത്ത് വില അൽപം കുറഞ്ഞത് നേരിയ ആശ്വാസമായി.
നിലവിൽ പ്രധാനപ്രശ്നം ജലക്ഷാമമാണ്. കഴിഞ്ഞയാഴ്ച ഫാമുകളിൽനിന്ന് കോഴികളെ കർഷകർക്ക് വിറ്റിരുന്നത് 104 രൂപക്കായിരുന്നു. രണ്ടുദിവസമായി അത് 90രൂപയായി കുറഞ്ഞു. കനത്തചൂടിൽ ഉൽപാദനം ഗണ്യമായി കുറഞ്ഞതോടെ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകൻ. റമദാൻ വിപണി മുന്നിൽ കണ്ടായിരുന്നു ഇത്.
എന്നാൽ, കമ്പനികൾ കോഴിക്കുഞ്ഞുങ്ങൾക്ക് വിലകൂട്ടിയത് തിരിച്ചടിയായി. കഴിഞ്ഞയാഴ്ച 44 രൂപക്ക് വിറ്റിരുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് 11രൂപയാണ് കൂട്ടിയത്. പരീക്ഷക്കാലവും കഠിനചൂടും റമദാനും ഒന്നിച്ചെത്തിയതോടെ പലരും യാത്രകൾ ഒഴിവാക്കിയിട്ടുണ്ട്. ഇത് ഹോട്ടലുകളിലെ ഇറച്ചിക്കോഴിയുടെ കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്.
ദിനംപ്രതി ചൂട് വർധിക്കുന്നതിനാൽ കോഴികൾക്ക് കുടിക്കാൻപോലും വെള്ളംകിട്ടാത്ത സ്ഥിതിയുണ്ട്. പല ഫാമുകളിലും ആവശ്യത്തിന് വെള്ളമില്ലാത്തത് വളർത്തലിനെയും ബാധിച്ചു. വെള്ളം പണം കൊടുത്ത് വാങ്ങേണ്ട സാഹചര്യമുണ്ട്. ഇതും വിലക്കയറ്റത്തിന് കാരണമാകും.
1000 കോഴികൾക്ക് ഒരുദിവസത്തേക്ക് 450-500 ലിറ്റർ വെളളമാണ് വേണ്ടത്. കൃത്യമായ പി.എച്ച്. മൂല്യമുള്ള ജലമാണ് നൽകുന്നത്. ഇല്ലെങ്കിൽ കോഴിയുടെ കരളിനെ ബാധിക്കും. അതിനാൽ ഭക്ഷ്യയോഗ്യമായ ഇറച്ചിലഭിക്കാൻ ശുദ്ധജലം തന്നെയാണ് നൽകുന്നത്. കുടിവെള്ളം വാങ്ങുന്നത് ഒഴിവാക്കി ചിലർ കുഴൽ കിണർ കുഴിച്ചും വെള്ളത്തിനുള്ള മാർഗം തേടുന്നുണ്ട്. എന്നാൽ വൻസാമ്പത്തിക ബാധ്യത വരുമെന്നതിനാൽ പലരും പിന്തിരിയുകയാണ്.
കോഴികളിൽ ജലാംശം നിലനിർത്താൻ ചില മരുന്നുകളും വിപണിയിലുണ്ട്. ഇത് ഉപയോഗിച്ചാൽ ഒരുകോഴിക്ക് നാല് രൂപവരെ അധിക ചെലവ് വരും. ഇതും വിലവർധനവിന് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.