ചൂട് കനക്കുന്നു;ആലപ്പുഴ ജില്ലയിൽ ജാഗ്രതാനിർദേശം
text_fieldsആലപ്പുഴ: വേനൽചൂടിൽ വെന്തുരുകുന്ന ജില്ലയിൽ ജാഗ്രതനിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. വരുംദിവസങ്ങളിൽ 37 ഡിഗ്രി വരെ ചൂട് ഉയരുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് ജാഗ്രതനിർദേശം. ഒരാഴ്ചയായി 34 ഡിഗ്രി ചൂടാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച രേഖപ്പെടുത്തിയത് 35 ഡിഗ്രിയാണ്. പകൽസമയത്ത് പുറംജോലി ചെയ്യുന്നവർ ഏറെദുരിതത്തിലാണ്. ജില്ലയിൽ ഫെബ്രുവരിയിൽ സാധാരണയേക്കാൾ 2.5 ഡിഗ്രി ഉയർന്ന ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പലയിടത്തും ജലസ്രോതസ്സുകൾ വറ്റിവരണ്ടു.
മാർച്ച് പകുതിയോടെ എത്തേണ്ട ചൂടിന്‍റെ പ്രതിഫലനം കണ്ടുതുടങ്ങിയതോടെ മിക്കയിടത്തും കുടിവെള്ളലഭ്യതയും കുറഞ്ഞു. വേനൽമഴയിൽ ജില്ലയിൽ 59 ശതമാനമാണ് കുറവ്. പലപ്പോഴും 33-34 ഡിഗ്രി സെൽഷ്യസാണ് പകൽ സമയത്തെ ചൂട്. അന്തരീക്ഷ താപനില മാറ്റമില്ലാതെ തുടരുന്നതിനാൽ സൂര്യാതപം ഏൽക്കാനുള്ള സാധ്യത ഏറെയാണ്.
ചർമരോഗങ്ങൾക്കൊപ്പം നിർജലീകരണം, വിശപ്പ് കുറയൽ, ശാരീരിക പ്രവർത്തനങ്ങളുടെ മന്ദത എന്നിവയുണ്ടാകും. ശരീരത്തിൽനിന്ന് ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടമാകുമ്പോൾ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങൾ നഷ്‌ടപ്പെടും. തന്മൂലം ക്ഷീണവും തളർച്ചയും ഉണ്ടാകും. കരിക്കിൻവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം എന്നിവ ക്ഷീണം മാറാനും ശരീരത്തിലെ ലവണ നഷ്‌ടം പരിഹരിക്കാനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.