ചൂട് ഉയർന്നുതന്നെ; ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി
text_fieldsആലപ്പുഴ: ജില്ലയിൽ ഏറ്റവും ഉയർന്ന 38 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതിന് പിന്നാലെ ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും രംഗത്തുണ്ട്.
ഞായറാഴ്ചക്ക് പിന്നാലെ തിങ്കളാഴ്ച ജില്ലയിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. 38.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. സാധാരണയേക്കാൾ 4.6 ഡിഗ്രി ചൂടാണ് കൂടിയത്. 1987 ഏപ്രിൽ ഒന്നിനായിരുന്നു സമാന ചൂട് അനുഭവപ്പെട്ടത്. മഴ മടിച്ചുനിൽക്കുന്നതിനാൽ വേനൽ ഇത്രയും നീണ്ടുപോകുന്നതും ഇതാദ്യമാണെന്ന് പഴമക്കാർ പറയുന്നു.
ചൂട് പ്രതിരോധിക്കാൻ ഇക്കാര്യം ശ്രദ്ധിക്കാം
- രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് ശരീരത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
- നിര്‍ജലീകരണമുണ്ടാക്കുന്ന കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍ എന്നിവ പകൽ ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
- പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയും തൊപ്പിയും ഉപയോഗിക്കുക
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്.എസ് ലായനി, സംഭാരം ഉപയോഗം കൂട്ടുക
- കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുക
- ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ചസമയത്ത് (11 മുതല്‍ മൂന്നു വരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. അവര്‍ക്ക് ചൂടേല്‍ക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശിക്കുകയും വിശ്രമിക്കാനുള്ള അനുവാദവും നൽകുക
- നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലിസമയം ക്രമീകരിക്കുക. ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുക.
- ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റ് വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
- കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.