കാണാം, ആലപ്പുഴയുടെ ചരിത്രം വാഗീശ്വരി കാമറക്കണ്ണിലൂടെ...
text_fieldsആലപ്പുഴ: വാഗീശ്വരി കാമറ കണ്ണിലൂടെ അനു ജോണ്‍ ഡേവിഡ് എന്ന കലാകാരന് കണ്ട നിറമുള്ള ചിത്രങ്ങളാണ് 'ലോകമേ തറവാട്' ബിനാലെയുടെ ആകര്‍ഷണങ്ങളിലൊന്ന്. ഒരുകാലത്ത് ആലപ്പുഴയുടെ യശസ്സ് ആഗോളതലത്തില്‍ എത്തിച്ച അത്ഭുത കാമറ ബിനാലെ പ്രദര്‍ശന വേദിയില്‍ എത്തിയപ്പോള്‍ അത് യുവതലമുറക്ക് കൗതുകവും പഴമക്കാര്‍ക്ക് ഓർമയുടെ വീണ്ടെടുക്കലുമായി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിെൻറ ആരംഭത്തിനു മുേമ്പ പുരാവസ്തുവായി മാറിയ വാഗീശ്വരി കാമറയിലൂടെ രണ്ടായിരത്തി ഇരുപതിലും ഇരുപത്തിയൊന്നിലും പകര്‍ത്തിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്ക് കലാകാരന് നല്കിയ കളര്‍ പരിവേഷമാണ് ആകര്‍ഷണം. ചിത്രങ്ങളുടെ നെഗറ്റീവിന് നിറം നല്‍കിയാണ് ബിനാലെയിലെ പോര്‍ട്ട് മ്യൂസിയം വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ആലപ്പുഴയുടെ അടയാളമായ കനാലുകളും കടല്പാലവും കരുമാടിക്കുട്ടന്, കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങള്‍, അമ്പലപ്പുഴ ക്ഷേത്രം തുടങ്ങി നിരവധി ചിത്രങ്ങളാണ് വാഗീശ്വരി കാമറയില്‍ പകര്‍ത്തി അവയുടെ നെഗറ്റീവിന് നിറം നല്കി ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഒരു കാലഘട്ടത്തിന്റെ അടയാളമായിരുന്ന ഈ കാമറയുടെ നിര്‍മിതിക്ക് പിന്നില്‍ കെ. കരുണാകരന് എന്ന ആലപ്പുഴക്കാരനാണ്. തേക്കിന് തടിയില്‍ പ്രാദേശികമായി കിട്ടുന്ന വസ്തുക്കളും വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത ലെന്‍സും കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ വാഗീശ്വരി കാമറ 1942 മുതല്‍ ഏകദേശം 40 വര്‍ഷത്തോളം ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന കാമറകളും നൂതന ടെക്നോളജികളും വാഗീശ്വരി കാമറയുടെ സ്ഥാനം കൈയടക്കിയെങ്കിലും ചരിത്രത്തില്‍ ഇന്നും ആലപ്പുഴയുടെ അടയാളപ്പെടുത്തലായി ഇത് സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ കേരള സര്‍ക്കാര്‍ വിനോദ സഞ്ചാര -സാംസ്കാരിക വകുപ്പുകളുടെയും ആലപ്പുഴ പൈതൃക പദ്ധതിയുടെയും പിന്തുണയോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന് 'ലോകമേ തറവാട്' പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
കേരള സ്റ്റേറ്റ് കയര്‍ കോര്പറേഷന്, ന്യൂ മോഡല്‍ സൊസൈറ്റി ബില്‍ഡിങ്, പോര്‍ട്ട് മ്യൂസിയം, ഈസ്റ്റേണ്‍ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ്, വില്യം ഗുടേക്കര്‍ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ അഞ്ചു വേദികളിലും നാലു ഗാലറികളിലുമായാണ് പ്രദര്‍ശനം നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള 270 കലാകാരന്മാരുടെ 3400 കലാ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.