അധ്യാപികമാരുടെ ചേരിപ്പോരിൽ ഉത്കണ്ഠ രേഖപ്പെടുത്തി മനുഷ്യാവകാശ കമീഷൻ
text_fieldsപത്തനംതിട്ട: കുട്ടികൾക്ക് മുന്നിൽ മാതൃകാപരമായി പെരുമാറേണ്ട അധ്യാപകർ പ്രാകൃതമായ രീതിയിൽ പരസ്പരം സ്പർധയിൽ കഴിയുന്നതിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്കണ്ഠ രേഖപ്പെടുത്തി. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ യു.പി സ്കൂളിൽ പ്രഥമാധ്യാപികയും മറ്റൊരു അധ്യാപികയും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടർന്നാണ് മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി ഇടപെട്ടത്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തിരുവല്ല ഉപവിദ്യാഭ്യാസ ഡയറക്ടർ നടപടിയെടുക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കേസിലെ എതിർകക്ഷിക്ക് ഉപവിദ്യാഭ്യാസ ഡയറക്ടർ താക്കീത് നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അവർക്ക് കമീഷനെ സമീപിക്കാം.
ഇത്തരം ദുരവസ്ഥ സ്കൂളിൽ ആവർത്തിക്കാതിരിക്കാൻ തിരുവല്ല ഉപവിദ്യാഭ്യാസ ഡയറക്ടർ കൃത്യമായ ഇടവേളകളിൽ സ്കൂളിൽ പരിശോധന നടത്തി മതിയായ ജാഗ്രത പുലർത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി.
അധ്യാപികയുടെ പരാതിയിൽ വാസ്തവമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി സഹഅധ്യാപികയുമായി ഒരു സഹകരണവുമില്ല. സ്റ്റാഫ് മീറ്റിങ്ങിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണുള്ളത്. എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ സ്കൂളിന് പുരോഗതിയുണ്ടാവുകയുള്ളൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, തന്നെ ജീവനക്കാരുടെ മുറിയിലിരുന്ന് ഭക്ഷണം കഴിക്കാൻപോലും അനുവദിക്കാറില്ലെന്ന് പരാതിക്കാരി കമീഷനെ അറിയിച്ചു. നിരന്തരം മാനസിക പീഡനം കാരണം സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്നുപോലും തനിക്ക് പുറത്തുപോകേണ്ടിവന്നു. സുഖമില്ലാതിരുന്ന സമയത്ത് ഞായറാഴ്ച ഉൾപ്പെടെ ജോലിചെയ്യിപ്പിച്ചെന്നും പരാതിക്കാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.