അന്തർ സംസ്ഥാനങ്ങളിൽനിന്ന് ചെമ്മീന്‍ വരവ് കുറഞ്ഞു വ്യവസായം പ്രതിസന്ധിയില്‍
text_fieldsഅരൂർ: മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ള ചെമ്മീന്‍ വരവ് കുറഞ്ഞതോടെ സമുദ്രോല്പന്ന വ്യവസായ സ്ഥാപനങ്ങളുടെയും ചെറുകിട പീലിങ് ഷെഡുകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയില്‍. നൂറുകണക്കിന് തൊഴിലാളികളും തൊഴിലുടമകളുമാണ് ഇതോടെ ബുദ്ധിമുട്ടിലായത്. അരൂര്‍, അമ്പലപ്പുഴ, ചേര്‍ത്തല, കാര്‍ത്തികപ്പള്ളി താലൂക്കുകളിലാണ് പീലിങ് ഷെഡുകള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. ചെമ്മീന്‍ വരവ് കുറഞ്ഞതോടെ ഷെഡുകള്‍ നാളുകളായി അടഞ്ഞുകിടക്കുകയാണ്. ഇതാണ് തൊഴിലാളികള്‍ക്ക് ജോലിയില്ലാതാക്കിയത്.
പീലിങ് മേഖലയില്‍ കൂടുതലായി സ്ത്രീതൊഴിലാളികളാണ് ജോലിചെയ്യുന്നത്. ആയിരത്തില്‍പ്പരം ചെമ്മീന്‍ ഷെഡുകളാണ് പ്രവര്‍ത്തിക്കുന്നത്.
മൂന്ന് കിലോ ചെമ്മീന്‍ പൊളിക്കുന്നതിന് ഇരുപത്തിയെട്ടു രൂപയാണ് കൂലിയായി ലഭിക്കുക. പ്രതിദിനം 500 മുതല്‍ 800 രൂപ വരെയാണ് കൂലിയായി കിട്ടുന്നത്. കൂലി തുച്ഛമാണെങ്കിലും വരുമാനം നിലച്ചതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായി. ചെമ്മീൻ വരവ് കുറഞ്ഞതോടെ വ്യവസായം മുന്നോട്ടുകൊണ്ടുപോകാനാകാതെ ഉടമകളും പ്രതിസന്ധി നേരിടുന്നു. തമിഴ്നാട്, ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിലെ ഫാമുകളില്‍ നിന്നാണ് ചെമ്മീന്‍ കേരളത്തിലേക്ക് എത്തുന്നത്. ഫാമുകളില്‍നിന്ന് ചെമ്മീന്‍ വരവുകുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യവസായികള്‍ പറഞ്ഞു. വനാമീ ചെമ്മീനാണ് കൂടുതലായി എത്തുന്നത്. രാജ്യത്തിന് പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടി തരുന്ന ചെമ്മീന്‍ കയറ്റുമതിയുടെ നട്ടെല്ലാണ് പീലിങ് മേഖല. മറ്റ് സംസ്ഥാനങ്ങളിലെ ഫാമുകളോട് ചേര്‍ന്ന് പീലിങ് ഷെഡുകള്‍ തുടങ്ങിയതും ചെമ്മീന്‍ വരവ് കുറയാന്‍ കാരണമായി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് ചെമ്മീന്‍ വാഹനത്തില്‍ എത്തിക്കണമെങ്കില്‍ കിലോക്ക് കുറഞ്ഞത് നാലു രൂപയെങ്കിലും വാഹന വാടക വേണ്ടിവരുന്ന സ്ഥിതിയാണ്. ഇതും വ്യവസായത്തെ ബാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.