ആലപ്പുഴയിലെ രാജ്യാന്തര നീന്തൽക്കുളം അടഞ്ഞുതന്നെ
text_fieldsആലപ്പുഴ: രാജ്യാന്തരനിലവാരത്തിൽ സജ്ജീകരിച്ച ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപത്തെ രാജാകേശവദാസ് 'നീന്തൽക്കുളം' തുറക്കാനുള്ള കാത്തിരിപ്പിന് 18 വർഷത്തെ പഴക്കം. അഞ്ചുവർഷത്തിലേറെ സമയമെടുത്തിട്ടും നവീകരണം പൂർത്തീകരിക്കാൻ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. 2021 ജനുവരിയിൽ തുറക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും സാങ്കേതികത തകരാറിൽ കുരുങ്ങി വേണ്ടെന്നുവെച്ചു.
ജർമൻ നിർമിത യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിച്ചശേഷം സ്വിമ്മിങ് പൂളിൽ വെള്ളംനിറച്ച് നടത്തിയ പരീക്ഷണം പരാജയപ്പെട്ടതും വിനയായി. പ്രഷർ താങ്ങാതെ പൂളിനകത്തെ ദ്രവിച്ച പഴയപൈപ്പുകൾ പൊട്ടിയതോടെ വെള്ളംകയറി ഇറങ്ങുന്നതിന് തടസ്സമായി. ഇതുമാറ്റി സ്ഥാപിക്കുന്നതിനൊപ്പം പൂളിന്‍റെ താഴ്ചയെ സംബന്ധിച്ച സാങ്കേതിക പ്രശ്നവും ഉടലെടുത്തു. വാട്ടർ ലവൽ കൂട്ടാനുള്ള നടപടി പൂർത്തിയാക്കി തുറക്കുമെന്നാണ് അധികൃതർ പറയുന്നത്.
സ്വകാര്യസ്ഥാപനത്തിന് പാട്ടത്തിന് വിട്ടുനൽകിയ കാലയളവിൽ ഒരു കുട്ടി മുങ്ങിമരിച്ചിരുന്നു. അതിനുപിന്നാലെ ഒരുവശത്തെ ആഴംകുറച്ചതോടെ പ്രഫഷനൽ മത്സരങ്ങളും പരിശീലനവും നടത്താൻ കഴിയാത്ത സാഹചര്യമായി. രാജ്യാന്തര നിലവാരത്തിൽ എട്ട് ട്രാക്കുകൾ സജ്ജമാക്കിയ പൂളിൽ നീന്തൽപരിശീലനം നടത്തിയാൽ കുട്ടികളുടെ തലതാഴെ ഇടിക്കുന്ന സ്ഥിതിയാണ്. നിലവിലെ വാട്ടർ ലെവൽ ഉയർത്തി പ്രശ്നംപരിഹരിക്കാനാണ് അധികൃതരുടെ നീക്കം. നാശത്തിന്‍റെ വക്കിലെത്തിയ നീന്തൽക്കുളം 2.6 കോടി മുടക്കിയാണ് നവീകരിച്ചത്.
ആലപ്പുഴയിൽ ദേശീയ നീന്തൽ കായികമത്സരം നടത്താൻ കഴിയുന്ന രീതിയിൽ 50 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയുമുള്ള നീന്തൽ കുളത്തിന് 27 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്.
300 പേർക്ക് ഇരിക്കാവുന്ന ഗാലറിയും വിശ്രമമുറിയുമുണ്ട്. കേരളത്തിൽ ആലപ്പുഴക്ക് പുറമേ തിരുവനന്തപുരത്തും തൃശൂരുമാണ് ഇത്തരം സൗകര്യമുള്ള സ്വിമ്മിങ് പൂൾ ഉള്ളത്.
1997ൽ മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ കാലത്താണ് നീന്തൽക്കുളം നിർമിച്ചത്. തുടക്കത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ നേരിട്ടായിരുന്നു പരിപാലനം. ഉദ്ഘാടനം കഴിഞ്ഞ് കുറേനാൾ നന്നായി പ്രവർത്തിച്ചു.
2001ൽ ഇവർ പിന്മാറിയതോടെ സ്വകാര്യസ്ഥാപനത്തിന് പാട്ടത്തിന് നൽകി. വാടക ഇനത്തിൽ ലക്ഷങ്ങൾ കുടിശ്ശിക വന്നതോടെ അവരും ഉപേക്ഷിച്ചു. പിന്നീട് നീന്തൽക്കുളത്തിന്‍റെ ചുമതല ജില്ല സ്പോർട്സ് കൗൺസിൽ ഏറ്റെടുത്തു. അവർ 2017ൽ കുളത്തിന്റെ നവീകരണം ആരംഭിച്ചു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ നൂറുദിനകർമ പദ്ധതിയിലും നീന്തൽക്കുളം തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.