കേരള സർവകലാശാല യുവജനോത്സവത്തിന് നാളെ തിരിതെളിയും
text_fieldsആലപ്പുഴ: ചരിത്രവും സംസ്കാരവും ഇഴചേർന്ന കുഞ്ചന്റെ നാട്ടിൽ ഇനി അഞ്ചുനാൾ കലയുടെ കേളികൊട്ട്. കേരള സർവകലാശാല യുവജനോത്സവം ‘ഏകത്വ’ വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ അമ്പലപ്പുഴ ഗവ. കോളജ് അടക്കം എട്ട് വേദിയിൽ നടക്കും. 117 ഇനങ്ങളിൽ 250 കലാലയങ്ങളിൽനിന്ന് 5000ത്തിലധികം കലാപ്രതിഭകൾ മാറ്റുരക്കും. ആൺ-പെൺ വിഭാഗങ്ങൾക്കൊപ്പം ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ മത്സരവുമുണ്ട്.
അമ്പലപ്പുഴ ഗവ. കോളജാണ് പ്രധാനവേദി. വേദികൾ-ഒന്ന്: വയലാര്‍ രാമവർമ -അമ്പലപ്പുഴ ഗവ. കോളജ്. രണ്ട്: കുമാരനാശാന് -മോഡല്‍ ഗവ.എച്ച്.എസ്.എസ് സ്റ്റേജ്, മൂന്ന്: തകഴി ശിവശങ്കരപ്പിള്ള -മോഡല്‍ ഗവ.എച്ച്.എസ്.എസ് ഓഡിറ്റോറിയം, നാല്: കുഞ്ചന്‍ നമ്പ്യാര്‍ -പി.എന്‍. പണിക്കര്‍ മെമ്മോറിയല്‍ ഗവ.എല്‍.പി സ്കൂള്‍ ഓഡിറ്റോറിയം, അഞ്ച്: നെടുമുടി വേണു -പി.കെ മെമ്മോറിയല്‍ ലൈബ്രറി ഹാള്‍ അമ്പലപ്പുഴ, ആറ്: കാവാലം നാരായണപ്പണിക്കർ -സെമിനാര്‍ ഹാള്‍, ഗവ. കോളജ് അമ്പലപ്പുഴ, ഏഴ്: ഇന്നസെന്റ് -കെ.കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂള്‍ ഓഡിറ്റോറിയം അമ്പലപ്പുഴ, എട്ട്: മാമുക്കോയ -കെ.കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഹാൾ അമ്പലപ്പുഴ.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കെ.കെ. കുഞ്ചുപിള്ള സ്കൂളിൽനിന്ന് സാംസ്കാരിക ഘോഷയാത്രയോടെയാണ് തുടക്കം. 4.30ന് അമ്പലപ്പുഴ ഗവ. കോളജിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് തിരുവാതിര, മോഹിനിയാട്ടം എന്നീ ഇനങ്ങളുണ്ടാകും. വേർതിരിവുകളുടെ കാലത്ത് ഒരുമയുടെ കല എന്ന അർഥത്തിലാണ് ‘ഏകത്വ’ എന്ന പേര് നല്‍കിയിട്ടുള്ളത്. വാർത്തസമ്മേളനത്തിൽ എച്ച്. സലാം എം.എൽ.എ, കൺവീനർ എ.എ. അക്ഷയ് എന്നിവർ പങ്കെടുത്തു.
ഇന്നസെന്റിന്റെയും മാമുക്കോയയുടെയും ജീവന് തുടിക്കും
അമ്പലപ്പുഴ: ഹാസ്യ ചക്രവർത്തി കുഞ്ചൻനമ്പ്യാരുടെ നാട്ടിൽ നടക്കുന്ന കേരള സർവകലാശാല കലാമേളയിൽ ഇന്നസെന്റിന്റെയും മാമുക്കോയയുടെയും ജീവൻ തുടിക്കും. മലയാളി പ്രേഷകര്‍ക്ക് എന്നും ചിരിയുടെ മാലപ്പടക്കവുമായെത്തിയ രണ്ടുകലാകാരന്മാരുടെയും പേരുകളാണ് പ്രധാന വേദികൾക്കൊപ്പം ഇടം പിടിച്ചത്. കലോത്സവത്തിൽ ആകെ എട്ടു വേദികളാണുള്ളത്. ഇതിൽ രണ്ടുവേദികളാണ് ഇന്നസെന്റിന്റെയും മാമുക്കോയയുടെയും ഓർമകൾ പുതുക്കി തിരശ്ശീല ഉയരുന്നത്. ഇക്കുറി കലോത്സവത്തിൽ ട്രാൻസ് ജെൻഡർവിഭാഗവും മത്സരത്തിൽ പങ്കെടുക്കും. എട്ടുവർഷത്തിനുശേഷമാണ് ആലപ്പുഴ ജില്ലയിൽ കലാമേള എത്തുന്നത്.
അവതരണ ഗാനമൊരുങ്ങി
അമ്പലപ്പുഴ: പഴയകാല സുഹൃത്തുക്കളുടെ സംഗമത്തിൽ കലോത്സവത്തിന് മാറ്റുകൂട്ടുന്ന അവതരണ ഗാനമൊരുങ്ങി. യൂനിവേഴ്സിറ്റി കലോത്സവ സ്വാഗത സംഘംചെയർമാൻ കൂടിയായ എച്ച്.സലാം എം.എൽ.എയും പ്രശസ്ത പിന്നണിഗായകൻ സുദീപും ഒന്നിച്ചപ്പോഴാണ് ക്ഷേത്ര നഗരിയായ അമ്പലപ്പുഴയിൽ ആദ്യമായി നടക്കുന്ന കലാമാമാങ്കത്തിന് അവതരണ ഗാനം പിറവികൊണ്ടത്. അവതരണഗാനം എച്ച്. സലാം എം.എൽ.എയാണ് രചിച്ചത്. ആലപ്പുഴ എസ്. ഡി കോളജിലെ മുൻ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറും പിന്നീട് സർവകലാശാലാ യൂനിയൻ ജനറൽ സെക്രട്ടറിയുമായ സലാമിന്റെ സതീർത്ഥ്യനായിരുന്നു സുധീപ് എന്ന അനുഗ്രഹീത ഗായകൻ. അവതരണ ഗാനത്തിന്റെ സി.ഡി വ്യാഴാഴ്ച രാവിലെ 9.30ന് കലോത്സവത്തിന്റെ പ്രധാന വേദിയായ അമ്പലപ്പുഴ ഗവ.കോളജിലെ സ്വാഗതസംഘം ഓഫിസിൽ എ.എം. ആരിഫ് എം.പി കലക്ടർ ഹരിത വി. കുമാറിന് നൽകി പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.